വീണ്ടും പ്രഭുദേവയുടെ നായികയായി രമ്യ നമ്പീശൻ

മലയാള സിനിമയിൽ ഗായികയായും നായികയായും തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. ‘അൺഹൈഡ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും രമ്യ ചുവടുവെച്ചിരുന്നു. തെന്നിന്ത്യൻ സിനിമകളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായിരിക്കുന്നത്. അടുത്തിടെ സുഹാസിനി മണിരത്നം ഒരുക്കിയ മ്യൂസിക് വീഡിയോയിൽ ഗാനമാലപിച്ചും രമ്യ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, പ്രഭുദേവയുടെ നായികയാകാൻ ഒരുങ്ങുകയാണ് താരം.
മുൻപ്, മെർക്കുറി എന്ന ചിത്രത്തിൽ പ്രഭുദേവയുടെ ഭാര്യയുടെ വേഷം രമ്യ അവതരിപ്പിച്ചിരുന്നു. വീണ്ടുമൊരു ചിത്രത്തിൽ ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. എൻ രാഘവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിലാണ് രമ്യയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നത്.
നടൻ അശ്വന്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇമ്മനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഡി ഓ പി എസ് കെ സെൽവകുമാറാണ്. അജയ് ദേവ് സംഭാഷണവും ഷാൻ ലോകേഷ് എഡിറ്റിംഗും നിർവഹിക്കുന്നു. ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Read More: തട്ടിയാൽ പൊഴിയുന്നത് മനോഹര സംഗീതം- അത്ഭുതമായി ഒരു പാറക്കൂട്ടം
കഴിഞ്ഞ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. അതേസമയം, റിയോ രാജിന്റെ നായികയായി അഭിനയിച്ച ബദ്രി വെങ്കിടേഷ് ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുകയാണ് രമ്യ നമ്പീശൻ. അഞ്ചോളം ചിത്രങ്ങളാണ് പ്രഭുദേവ നായകനായി റിലീസിന് കാത്തിരിക്കുന്നത്.
Story highlights- Prabhudeva and Ramya Nambessan team up again