വെളിച്ചം പകരുന്ന ബാഗുകൾ: ഗ്രാമത്തിലെ കുട്ടികൾക്കായി ‘ജുഗുനു ബാഗ്’ നിർമ്മിച്ച് അധ്യാപിക, അഭിനന്ദിച്ച് കേന്ദ്ര മന്ത്രി
തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യസം നൽകണം എന്നാണ് എല്ലാ അധ്യാപകരും ചിന്തിക്കാറുള്ളത്. എന്നാൽ വിദ്യാഭ്യസം മാത്രമല്ല അവർക്ക് പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കണം എന്നായിരുന്നു അധ്യാപികയായ ചാരു മോംഗയും കരുതിയത്. ഇതിനായി ചാരു മോംഗ ഒരുക്കിയത് ഒരു ബാഗാണ്. ഒരു ബാഗുകൊണ്ട് എന്ത് പ്രയോജനം എന്ന് ചിന്തിക്കാൻ വരട്ടെ.. അധ്യാപികയായ ചാരു തന്റെ നാട്ടിലെ കുട്ടികൾക്കായി ഒരുക്കിയത് വെറും സ്കൂൾ ബാഗല്ല. സോളാർ പവറിൽ വെളിച്ചം നൽകുന്ന ഭാരം കുറഞ്ഞ സ്കൂൾ ബാഗുകളാണ്.
ജുഗുനു അഥവാ മിന്നാമിനുങ്ങ് എന്നാണ് ഈ ബാഗുകൾക്ക് പേരിട്ടിരിക്കുന്നത്. ഗുവാഹത്തിയിലെ ഗ്രാമീണ മേഖലയിൽ വൈദ്യുതിയും മറ്റും ലഭ്യമല്ലാത്ത സ്കൂളുകൾ ഇപ്പോഴും ഉണ്ട്. അവിടുത്തെ കുട്ടികൾക്ക് വേണ്ടിയാണ് ഈ ബാഗ് നിർമിച്ചിരിക്കുന്നത്. പലപ്പോഴും ദൂരസ്ഥലങ്ങളിൽ വീടുകൾ ഉള്ള കുട്ടികൾ സ്കൂൾ കഴിഞ്ഞ് വളരെ വൈകിയാകാം വീടുകളിൽ എത്തുക. അത്തരക്കാർക്ക് ഏറെ ഗുണകരമാണ് ഈ ബാഗുകൾ. സംസ്കരിച്ചെടുത്ത പ്ലാസ്റ്റിക് വേസ്റ്റിൽ നിന്നുമാണ് ഈ ബാഗുകൾ നിർമിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ദീർഘകാലം ഈട് നിൽക്കും. അതിന് പുറമെ വാട്ടർ പ്രൂഫായാണ് ഇവ നിർമിച്ചിരിക്കുന്നത്. അതിനാൽ വെള്ളം കയറി നശിക്കുമെന്ന ഭയവും വേണ്ട.
ഗുവാഹത്തി ഐ ഐ റ്റിയിലെ പ്രൊഫസറും ഗവേഷകയുമാണ് ചാരു മോംഗ. ചാരുവിന്റെ ഈ കണ്ടുപിടുത്തതിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യസ മന്ത്രി ഡോ. ആർ പി നിശാങ്ക് ഉൾപ്പെടെയുള്ളവർ ചാരുവിന്റെ കണ്ടുപിടുത്തത്തെ അഭിന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
.@IITGuwahati professor Charu Monga has designed over 200 backpacks with solar lights to help kids in villages study. These waterproof backpacks are called Jugnu, & were made using recycled plastic. pic.twitter.com/yxQwHIEBHs
— Dr. Ramesh Pokhriyal Nishank (@DrRPNishank) January 8, 2021
Story Highlights:prof designs backpacks with solar lights to help kids in villages