രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,375 കേസുകൾ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. പ്രതിദിന കണക്കുകളിൽ വരുന്ന കുറവ് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇന്ന് പതിനാറായിരത്തിലധികം കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതർ 1,03,56,845 ആയി.
നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 2,31,036 പേരാണ്. കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടത് 29,091 പേരാണ്. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 99,75,958 പേരാണ്. 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ മരണം 201 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,49,850 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,96,236 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ പരിശോധിച്ചത് 17,65,31,997 സാമ്പിളുകളാണ്. കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 3021 പുതിയ കേസുകളാണ്. 5145 പേർ രോഗമുക്തി നേടി.
അതിന് പുറമെ ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ആളുകളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കേരളത്തിൽ ആറു പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുവരെ ഇന്ത്യയിൽ 38 പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights:reports 16375 new covid-19 cases in India