ആസ്വാദനത്തിന് അല്‍പം മധുരം പകരാന്‍ ‘സാജന്‍ ബേക്കറി’; ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

January 16, 2021

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ഫെബ്രുവരി 12 മുതല്‍ സാജന്‍ ബേക്കറി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റേതായി മുമ്പ് പുറത്തിറങ്ങിയ പാട്ടുകള്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സംവിധായകന്‍ അരുണിനൊപ്പം അജു വര്‍ഗീസ്, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: നായകനായി പ്രഭാസ്; ബിഗ്ബജറ്റില്‍ സലാര്‍ ഒരുങ്ങുന്നു

ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബേക്കറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂര്‍ എന്നിവടങ്ങളിലായിരുന്നു. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങള്‍ക്കായി ചിത്രീകരിച്ചിരുന്നു.

ലളിതമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നന്മയുള്ള ചില മനുഷ്യരുടെ കഥയാണ് പറയുന്നത് എന്നാണ് സൂചന. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Saajan Bakery Since 1962 Release date announced