‘ആകാശമായവളെ..ശാന്തീ, ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണ്’- ഹൃദയംതൊടുന്ന കുറിപ്പുമായി ഷഹബാസ് അമൻ
നീണ്ട നാളുകൾക്ക് ശേഷം തിയേറ്റർ തുറന്നതോടെ സിനിമാലോകവും സജീവമാകുകയാണ്. റിലീസിന് കാത്തിരിക്കുന്ന എൺപത്തിയഞ്ചു ചിത്രങ്ങളിൽ നിന്നും ആദ്യം എത്തിയത് ജയസൂര്യ നായകനായ വെള്ളമാണ്. ലോക്ക് ഡൗണിന് ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമ എന്ന നിലയിൽ എല്ലാ അഭിനേതാക്കളും ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു. ആരാധകരോട് തിയേറ്ററിലേക്ക് എത്തണമെന്ന് അഭ്യർത്ഥിച്ച് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. എന്നത്തേയും പോലെ വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിനായും ജയസൂര്യ വളരെയധികം പ്രയത്നങ്ങൾ നടത്തിയിരുന്നു. ജയസൂര്യയുടെ അഭിനയത്തോനൊപ്പം ആസ്വാദകരുടെ ഹൃദയം കവരുകയാണ് ആകാശമായവളെ എന്ന ഗാനവും.
ഇപ്പോഴിതാ, ആലപിച്ച ഗാനങ്ങളിൽ പ്രിയപ്പെട്ടവയിലേക്ക് ചേർന്ന ആകാശമായവളെ എന്ന ഗാനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഷഹബാസ് അമൻ. നിധീഷ് നടേരിയുടെ വരികൾക്ക് ബിജിബാലാണ് സംഗീതം പകർന്നിരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ ഭാര്യ ശാന്തിയുടെ ഓർമ്മകളിലാണ് ഇപ്പോഴും ബിജിബാൽ. അതുകൊണ്ട് തന്നെ ഈ പാട്ടിന്റെ വരികൾ അത്രത്തോളം ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ ഓർമ്മകളോടും ചേർന്ന് നിൽക്കുന്നു എന്നാണ് ഷഹബാസ് അമൻ പറയുന്നത്.
‘ഇത് പാടുമ്പോൾ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി!ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണ് ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അതുകൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണ്…പ്രിയ പ്രജേഷിന്റെ ‘വെള്ള’ ത്തോടൊപ്പം ഈ പാട്ട് കാണുകയും ചെയ്യുമല്ലൊ..എല്ലാവരോടും സ്നേഹം…’- ഷഹബാസ് അമൻ കുറിക്കുന്നു.
Read More: ഒരച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളും; ശ്രദ്ധനേടി ഒരു കുടുംബവിശേഷം
പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്, സ്നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights- shahabaz aman about bijibal