ഓസ്കറിൽ മത്സരിക്കാൻ ‘സൂരരൈ പോട്രു’

January 27, 2021

രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ‘സൂരരൈ പോട്രു’. ഇപ്പോഴിതാ ചിത്രം ഓസ്കറിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾ ഉള്ളതിനാൽ മത്സരത്തിനായുള്ള നിബന്ധനകളിൽ ഓസ്കർ അക്കാദമി ഇളവുകൾ വരുത്തിയിരുന്നു. അങ്ങനെയാണ് ഒടിടി റിലീസ് ചിത്രങ്ങൾക്കും ഓസ്കറിൽ മത്സരിക്കാൻ അവസരം ലഭിച്ചത്.

ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ‘സൂരരൈ പോട്രു’ സഹനിർമാതാവ് രാജശേഖർ പാണ്ഡ്യനാണ് ഓസ്കർ വിശേഷം പങ്കുവെച്ചത്. ഇതുവരെ ജൂറി അംഗങ്ങൾക്കായി ലോസ് ആഞ്ചൽസിലോ മറ്റോ ഷോ സംഘടിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ എല്ലാം വിർച്വൽ ആണ്. സിനിമയുടെ ലിങ്കാണ് അയക്കേണ്ടത്. ഇതിലൂടെ ജൂറി അംഗങ്ങൾ സിനിമ ഓൺലൈനായി കാണും.

എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. ചിത്രത്തിൽ നായികയായി വേഷമിട്ടത് അപർണ ബലമുരളിയാണ്. മലയാളികളുടെ പ്രിയതാരം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും പ്രകടനം ഏറെ പ്രശംസനീയമാണ്. ചിത്രത്തിന്റെ മുഖ്യ ആകർഷണം സൂര്യയുടെ അഭിനയം തന്നെയാണ്.

Read More: 24 വർഷം മുൻപുള്ള റിപ്പബ്ലിക് ദിന പരേഡ് ചിത്രവുമായി പൃഥ്വിരാജ്; ഓർമ്മകൾ പങ്കുവെച്ച് അനുശ്രീയും

ഭാഷാഭേദമന്യേ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം, കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

Story highlights- soorarai potru in oscar