ഈ ചിത്രം പറയുന്നു; ‘ഉയരങ്ങളിലെത്താന്‍ മണ്ണില്‍ ചവിട്ടി വളരട്ടെ’ എന്ന്
‘ഭൂമിയിലെ മണ്ണില്‍ ചവിട്ടി വളരട്ടെ എന്റെ മകന്‍, കൂടുതല്‍ ഉയരങ്ങളിലെത്താന്‍…’ മണ്ണു പുരണ്ട കുഞ്ഞി പാദത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചലച്ചിത്രതാരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇടയ്ക്കിടെ ശ്രദ്ധ നേടുന്നു.
ചിത്രത്തെക്കാള്‍ അധികമായി ചിത്രത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ അടിക്കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മക്കളെ മണ്ണിലിറക്കാന്‍ തയാറാകാത്ത ചില ന്യൂ ജനറേഷന്‍ മാതാപിതാക്കള്‍ക്ക് മുമ്പില്‍ വേറിട്ട മാതൃകയാകുകയാണ് കുഞ്ചാക്കോ ബോബന്റെ കുടുംബം.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. 2019 ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.
അതേസമയം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് നിഴല്‍. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താര ചിത്രത്തില്‍ നായികയായെത്തുന്നു.
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story highlights: Stay grounded to grow higher photo of Kunchacko Boban