പാട്ട് പാടിയാൽ സൗജന്യമായി യാത്ര ചെയ്യാം; കൗതുകമായി കരോക്കെ ടാക്സി
സംഗീതവും യാത്രയും തമ്മിൽ അഗാതമായൊരു ബന്ധമുണ്ട്…അതുകൊണ്ടാവാം ഓരോ യാത്രയിലും മനോഹരങ്ങളായ സംഗീതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ പാട്ട് പാടിയാൽ യാത്ര സൗജന്യമായി നൽകുന്ന ഒരു ടാക്സിയും അതിന്റെ ഡ്രൈവറുമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിലെ താരം. തായ്വാനിലെ തു ലിങ് ജാൻ എന്ന ടാക്സി ഡ്രൈവറാണ് പാട്ട് പാടുന്നവർക്കായി അദ്ദേഹത്തിന്റെ ടാക്സിയിൽ സൗജന്യയാത്ര ഒരുക്കുന്നത്.
തായ്വാനിലെ ഒരു സാധാരണ ടാക്സി ഡ്രൈവറാണ് തു ലിങ് ജാൻ. പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്ന തു ലിങ് ജാൻ തന്റെ യാത്രക്കാർക്കായി ഒരു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്ക് ടാക്സയിൽ കയറുന്നവർ പാട്ട് പാടാൻ തയാറായാൽ അവർക്ക് സൗജന്യമായി യാത്ര ചെയ്യാം. തന്റെ യാത്രക്കാർ പാടുന്ന പാട്ട് പോസ്റ്റ് ചെയ്യാനായി ഒരു യുട്യൂബ് ചാനലും തു ലിങ് ജാൻ എന്ന ടാക്സി ഡ്രൈവർക്കുണ്ട്. ഈ ടാക്സി ബുക്ക് ചെയ്യാനായി ഒരു പ്രത്യേക ആപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാവരിലും ഓരോ പാട്ടുകാരൻ ഒളിഞ്ഞുകിടപ്പുണ്ട്. ആവശ്യത്തിന് പ്രചോദനം നൽകിയാൽ പാട്ടിലെ സൂപ്പർ സ്റ്റാറുകൾ ആകാനുള്ള കഴിവും എല്ലാവർക്കുമുണ്ടെന്നാണ് തു ലിങ് ജാൻ അഭിപ്രായപ്പെടുന്നത്. അതിനാലാണ് ഇത്തരത്തിലൊരു സൗകര്യവും ഒരുക്കിയിരിക്കുന്നത്. തന്റെ ടാക്സിയിൽ കയറുന്നവർ പാട്ട് പാടിയാൽ ആദ്യമൊക്കെ അവർക്ക് വിലക്കിഴിവ് നൽകിയിരുന്നു. എന്നാൽ പിന്നീട് പാട്ട് പാടുന്നവർക്കായി യാത്ര പൂർണമായും സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും തു ലിങ് ജാൻ പറഞ്ഞു. പാട്ട് പാടുന്നവരുടെ അനുവാദത്തോടെ അവരുടെ വീഡിയോ എടുത്ത ശേഷം തു ലിങ് ജാൻ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യും. ഇതിനോടകം ഇത്തരം 10,000 വീഡിയോകൾ തു ലിങ് ജാൻ പോസ്റ്റ് ചെയ്തുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:thaiwan driver gives free rides to people who sings