മൂന്ന് തവണ കപ്പലില്‍ ആഴക്കടലില്‍ മുങ്ങിയിട്ടും മരണത്തെ അതിജീവിച്ച പൂച്ച; ഇത് ‘അണ്‍സിങ്കബിള്‍ സാം’

January 15, 2021
The story of Unsinkable Sam

മനുഷ്യര്‍ മാത്രമല്ല, പലപ്പോഴും ചില മൃഗങ്ങള്‍ പോലും ചരിത്രത്തിന്റെ ഭാഗമാകാറുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇത്തരത്തില്‍ ശ്രദ്ധ നേടിയ ഒരു പൂച്ചയുണ്ട്. അണ്‍സിങ്കബിള്‍ സാം എന്നറിയപ്പെടുന്ന പൂച്ച. മൂന്ന് തവണ മരണത്തെ അതിജീവിച്ച ഈ പൂച്ച ചരിത്രത്താളുകളില്‍പ്പോലും ഇടം നേടി.

മഹായുദ്ധ കാലഘട്ടങ്ങളില്‍ യുദ്ധക്കപ്പലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പൂച്ചകളുടേത്. എലികളില്‍ നിന്നും കപ്പലിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പല സൈന്യങ്ങളും ഇത്തരത്തില്‍ പൂച്ചകളെ യുദ്ധക്കപ്പലുകളില്‍ ഒപ്പം കൂട്ടിയത്. പ്രത്യേകമായ പരീശിലനം നേടിയ പൂച്ചകളായിരിക്കും കപ്പലില്‍ ഉണ്ടാവുക. സൈനിക പൂച്ചകള്‍ എന്നും ഇവ അറിയപ്പെടുന്നു. അത്തരത്തിലൊരു സൈനിക പൂച്ചയാണ് അണ്‍സിങ്കബിള്‍ സാമും. ഓസ്‌കര്‍ എന്ന പേരിലും ഈ പൂച്ച അറിയപ്പെടുന്നു.

കറുപ്പും വെളുപ്പം ഇടകലര്‍ന്ന നിറമായിരുന്നു സാമിന്. ജര്‍മന്‍, ബ്രിട്ടീഷ് യുദ്ധക്കപ്പലിലെ അംഗമായിരുന്നു ഈ പൂച്ച. യുദ്ധക്കപ്പലുകളില്‍ പൂച്ച ഉള്‍പ്പെടുന്ന സംഘം സഞ്ചരിക്കവെ മൂന്ന് തവണ കപ്പല്‍ മുങ്ങിയിട്ടുണ്ട്. എന്നാല്‍ ആ അപകടങ്ങളില്‍ നിന്നെല്ലാം പൂച്ച അദ്ഭുതകരമായി രക്ഷപ്പെട്ടു. അങ്ങനെയാണ് അണ്‍സിങ്കബിള്‍ സാം എന്ന് അറിയപ്പെട്ടതും.

ഇനി ആ അപകടങ്ങളെക്കുറിച്ച്…. 1941 മെയ് 27നായിരുന്ന പൂച്ചയുടെ ജീവിതത്തിലെ ആദ്യത്തെ അപകടം. അന്ന് ജര്‍മന്‍ യുദ്ധക്കപ്പലായിരുന്ന ബിസ്മാര്‍ക്കിലായിരുന്നു സാമിന്റെ സേവനം. ബ്രിട്ടീഷ് സൈന്യം ജര്‍മ്മന്‍ യുദ്ധക്കപ്പലിനെ മുക്കിയപ്പോള്‍ ഏകദേശം രണ്ടായിരത്തോളം സൈനികരുണ്ടായരുന്നു കപ്പലില്‍. എന്നാല്‍ 115 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. സാം പൂച്ചയും അതിവിദഗ്ധമായി രക്ഷപ്പെട്ടു.

കപ്പല്‍ മുങ്ങിയപ്പോള്‍ ഒരു തടിക്കഷ്ണത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ട പൂച്ചയെ ബ്രിട്ടീഷ് സൈന്യം കൂടെക്കൂട്ടി. അവരാണ് ഓസ്‌കര്‍ എന്ന് പേര് നല്‍കിയതും. പിന്നീട് ഓസ്‌കറിന്റെ സേവനം ബ്രിട്ടീഷ് കപ്പലായ കോസാക്കില്‍ ആയിരുന്നു. എന്നാല്‍ 1941 ഒക്ടോബര്‍ 27ന് നടന്ന ഒരു ബോംബാക്രമണത്തില്‍ കപ്പല്‍ തകര്‍ക്കപ്പെട്ടു. 139 സൈനികര്‍ മരണപ്പെട്ടെങ്കിലും പൂച്ച രക്ഷപ്പെട്ടു. അങ്ങനെയാണ് ബ്രിട്ടീഷ് സൈന്യം പൂച്ചയെ അണ്‍സിങ്കബിള്‍ സാം എന്നു വിളിച്ചു തുടങ്ങിയത്.

അല്‍പം പ്രത്യേകതകള്‍ നിറഞ്ഞതാണ് സാമിന്റെ ജീവിതത്തിലെ മൂന്നാമത്തെ കപ്പലപകടം. ഈ അപകടം നടക്കുന്ന സമയത്ത് സാം സേവനം അനുഷ്ഠിച്ചത് തന്റെ ജീവിതത്തിലെ ആദ്യത്തെ യുദ്ധക്കപ്പലായ ബിസ്മാര്‍ക്കിനെ തകര്‍ക്കാന്‍ സഹായിച്ച എച്ച്എംഎസ് ആര്‍ക്ക് റോയല്‍ എന്ന കപ്പലിലാണ്. നിരവധി അപകടങ്ങളെ തരണം ചെയ്തിട്ടുള്ള ഈ കപ്പല്‍ അക്കാലത്ത് ഭാഗ്യക്കപ്പല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1941 നവംബറില്‍ നടന്ന ഒരു ബോബംബാക്രമണത്തില്‍ കപ്പലിന് ഭാഗ്യമുണ്ടായില്ല. കപ്പല്‍ മുങ്ങിപ്പോയെങ്കിലും അതിസാഹസികമായി സാം രക്ഷപ്പെട്ടു. അങ്ങനെ മൂന്ന് വലിയ അപകടങ്ങളെ സാം പൂച്ച അതിജീവിച്ചു.

അതിനുശേഷം കടലിലെ യുദ്ധക്കപ്പലിലുള്ള തന്റെ സേവനം സാം അവസാനിപ്പിച്ചു. ജിബ്രാള്‍ട്ടറിലെ ഗവര്‍ണര്‍ ജനറലിന്റെ കെട്ടിടത്തിലായിരുന്നു സാമിന്റെ പിന്നീടുള്ള ജീവിതം. എലികളെ ചെറുത്ത് തോല്‍പിക്കുക എന്നതായിരുന്നു ഉത്തരവാദിത്വം. പിന്നീട് കുറച്ചു നാളുകള്‍ യുകെയിലെ ബെല്‍ഫാസിറ്റില്‍ നാവികര്‍ക്കായുള്ള ഒരു വീട്ടിലും സാം സേവനമനുഷ്ഠിച്ചു. 1955ലായിരുന്നു അണ്‍സിങ്കബിള്‍ സാം എന്ന പൂച്ച മരണപ്പെട്ടത്.

Story highlights: The story of Unsinkable Sam