കൊവിഡ് രോഗത്തെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി
കൊവിഡ് അതിജീവനത്തിന് കൂടുതല്‍ കരുത്തും പ്രതീക്ഷയും നല്‍കുകയാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി. 98-ാം വയസ്സില്‍ കൊവിഡ് രോഗമുക്തനായിരിക്കുകയാണ് അദ്ദേഹം. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ കൊവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് പ്രിയതാരവും കുടുംബാംഗങ്ങളും.
അടുത്തിടെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിന് പനി ബാധിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ. രണ്ട് ദിവസം ഐസിയുവില്‍ കഴിഞ്ഞെങ്കിലും ആരോഗ്യം വീണ്ടെടുത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി കൊവിഡ് നെഗറ്റീവായി.
ജയരാജ് സംവിധാനം നിര്‍വഹിച്ച ദേശാടനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയതാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി. തന്റെ 76-ാം വയസ്സില്‍ സിനിമയിലെത്തിയ അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലും അഭിനയിച്ചു. രാപ്പകല്‍, കല്യാണരാമന്, ഒരാള്‍മാത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട മുത്തച്ഛനായി ഉണ്ണികൃഷ്ണന് നമ്പൂതിരി. കമല്‍ഹാസനോടൊപ്പം പമ്മല്‍കെ സമ്മന്തം എന്ന ചിത്രത്തിലും രജനികാന്തിനോടൊപ്പം ചന്ദ്രമുഖി എന്ന ചിത്രത്തിലും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ മുത്തച്ഛന് വേഷത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണികൃഷ്ണന് നമ്പൂതിരി സിനിമാ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട സാന്നിധ്യമാണ്.
Story Highlights: Unnikrishnan Namboothiri survives Covid 19