വിനയന്റെ സംവിധാനത്തില്‍ ചരിത്രസിനിമ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നു; ചിത്രീകരണം അടുത്തമാസം മുതല്‍

January 6, 2021
Vinayan about Pathonpatham Nootandu

വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്‍പതോളം സഹതാരങ്ങളെ സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.

അടുത്തമാസം മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ഈ അവര്‍ഷം അവസാനത്തോടെ സിനിമ പ്രേക്ഷകരിലേക്കെത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

അതേസമയം ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയുടെ ആവിഷ്‌കാരത്തില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പ്രസക്തി ഏറെയാണ്. കഴിഞ്ഞ ദിവസം സംവിധായകന്‍ വിനയന്‍ കൊട്ടാരത്തില്‍ എത്തി പുയ്യം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയുമായും അശ്വതി തിരുനാള്‍ ഗൗരി ലഷ്മി ഭായിയുമായും ശ്രീ ആദിത്യ വര്‍മ്മയുമായും ഏറെ നേരം സംസാരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകന്‍ പങ്കുവയ്ക്കുകയും ചെയ്തു. ടെക്‌നിക്കലായി വളരെയേറെ ജോലികളുള്ള ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്നും വിനയന്‍ കുറിച്ചു.

Story highlights: Vinayan about Pathonpatham Nootandu