ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തി
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ. 45,000 വർഷത്തിലേറെ പഴക്കമുള്ള ഗുഹാചിത്രം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് കണ്ടെത്തിയത്. ഒരു കാട്ടുപന്നിയുടെ ചിത്രമാണ് ഗവേഷകർ കണ്ടെത്തിയത്. സർവേകളുടെ ഭാഗമായി 2017 ലാണ് പെയിന്റിംഗ് ആദ്യമായി കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു.
റോക്ക് ആർട്ടിന്റെ പഴക്കം കണ്ടെത്തുന്നത് വെല്ലുവിളിയാണെങ്കിലും, ഈ ചിത്രം പുരാവസ്തു ഗവേഷകർ ഐസോടോപ്പ് വിശകലനത്തിലൂടെയാണ് പരിശോധിച്ചത്. ഗുഹയുടെ മതിൽ പ്രതലത്തിൽ സ്വാഭാവികമായി രൂപം കൊള്ളുന്ന കാൽസ്യം കാർബണേറ്റ് നിക്ഷേപത്തിലൂടെ ചിത്രത്തിന്റെ പഴക്കം കണ്ടെത്തുകയായിരുന്നു.
കാട്ടുപന്നിയുടെ ചിത്രം കാര്യമായ കേടുപാടുകളൊന്നുമില്ലാതെതന്നെ ഗവേഷകർക്കു വീണ്ടെടുക്കാനായി.പന്നിയുടെ മുഖത്തിനു മുന്നിൽ തേറ്റയും ഉണ്ടായിരുന്നു. തൊട്ടുപിന്നിൽ കൈപ്പത്തി പതിഞ്ഞതു പോലുള്ള രണ്ട് അടയാളങ്ങളും ഉണ്ട്. ഒരു കാട്ടുപന്നി മറ്റു രണ്ടു കാട്ടുപന്നികൾ പോരടിക്കുന്നതു നോക്കിനില്ക്കുന്ന ചിത്രമായിരുന്നു അതെന്നും ഗവേഷകർ പറയുന്നു. എന്നാൽ, കാലപ്പഴക്കം കൊണ്ട് അവയുടെ ചിത്രങ്ങൾ മങ്ങിപോയതാണ്.
ലിയാങ് തെഡോങ്ങെ എന്നു പേരിട്ട ഗുഹയിൽ നിന്നും അന്നത്തെ കാലത്തെ മനുഷ്യന്റെ ജീവിത രീതിയെക്കുറിച്ചും വ്യക്തമായിട്ടുണ്ട്. എന്നാൽ ഗുഹാചിത്രത്തിന്റെ പഴക്കത്തിന്റെ കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. 136 സെന്റിമീറ്റർ നീളവും 54 സെന്റിമീറ്റർ ഉയരവുമുള്ള ചിത്രത്തിൽ പെയിന്റ് പ്രയോഗിക്കാൻ പ്രത്യേകരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. മണ്ണുപൊടിച്ച് വിരലില്വച്ച് അതിലേക്ക് ഉമിനീരും ചേർത്തായിരുന്നു ചിത്രം വരച്ചിരിക്കുന്നത്.
Story highlights- world’s oldest cave painting discovered in Indonesia