വയസ്സ് 106; കോലെറ്റ് മോസ് തിരക്കിലാണ് പ്രിയപ്പെട്ട പിയാനോയുമായി

February 6, 2021
106-year-old French pianist

ചിലരെ കാണുമ്പോള്‍ നാം അറിയാതെ പറയാറുണ്ട് ‘പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ’ എന്ന്. കാരണം ചിലരുണ്ട് കലയെ ഹൃദയത്തോട് ചേര്‍ത്ത് പ്രായത്തെ വെല്ലുന്ന കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന കോലെറ്റ് മുത്തശ്ശിയും പ്രായത്തെ പോലും വെല്ലുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

106 വയസ്സുണ്ട് കോലെറ്റ് മോസ് എന്ന മുത്തശ്ശിയ്ക്ക്. ഇപ്പോള്‍ പിയാനോയില്‍ ഇവര്‍ മധുര സംഗീതം പൊഴിയ്ക്കുന്നു. പാരിസിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലിരുന്ന് കോലെറ്റ് മോസ് മുത്തശ്ശി പിയാനോയില്‍ വിരലുകളോടിയ്ക്കുമ്പോള്‍ ആരും അതിശയിച്ചുപോകും. അത്രമേല്‍ മനോഹരമാണ് ആ വിരല്‍ത്തുമ്പില്‍ നിന്നും ഉയരുന്ന സംഗീതം.

Read more: രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍…?; വ്യക്തമായ മറുപടി രസകരമായി പറഞ്ഞ് പി സി ജോര്‍ജ്ജ്

1914-ല്‍ പാരിസിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു കോലെറ്റ് മോസിന്റെ ജനനം. മാതാപിതാക്കള്‍ കര്‍ക്കശമായ പരിചരണത്തിലാണ് കോലെറ്റിനെ വളര്‍ത്തിയതെങ്കിലും ചെറുപ്പം മുതല്‍ക്കേ പിയാനോ അഭ്യസിയ്ക്കാന്‍ അനുവാദം നല്‍കിയിരുന്നു. പാരിസിലെ പ്രശസ്തമായ ഏകോള്‍ നോര്‍മല്‍ ഡെ മുസിക്കെ എന്ന സംഗീത കോളജില്‍ നിന്നുമാണ് കോലെറ്റ് പിയാനോ അഭ്യസിച്ചത്. പിന്നീട് പല ഓര്‍ക്കസ്ട്രകളിലും പ്രവര്‍ത്തിയ്ക്കുകയും ചെയ്തു.

ആറ് പിയാനോ ആല്‍ബങ്ങള്‍ തയാറാക്കിയിട്ടുമുണ്ട് കോലെറ്റ്. പ്രായത്താല്‍ വിരലുകള്‍ മരവിയ്ക്കാതിരിയ്ക്കാന്‍ യോഗയും മറ്റ് വ്യായാമങ്ങളുമെല്ലാം മുടക്കവരുത്താതെ ചെയ്യുന്നുമുണ്ട് ഈ മുത്തശ്ശി. പ്രായത്തെ ചെറുത്തുതോല്‍പിയ്ക്കുന്ന ആത്മവിശ്വാസമാണ് കോലെറ്റ് മോസിന്റ കൈമുതല്‍.

Story highlights: 106-year-old French pianist