‘ആണും പെണ്ണും’; പുതിയ ആന്തോളജി ചിത്രം ഒരുങ്ങുന്നു

February 22, 2021
Aanum Pennum Anthology

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ചിത്രം ഒരുങ്ങുന്നു. ആണും പെണ്ണും എന്നാണ് ചിത്രത്തിന്റെ പേര്. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ അടങ്ങിയിട്ടുള്ള ആന്തോളജി ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടുന്നുണ്ട്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രങ്ങളാണ് ആന്തോളജി സിനിമയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

മൂന്നു കഥകളെ ആസ്പദമാക്കിയുള്ളതാണ് മൂന്ന് ഹ്രസ്വചിത്രങ്ങും. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകന്‍ വേണുവിന്റെ ചിത്രം. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നു. സി.കെ പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മാണം.

Story highlights: Aanum Pennum Anthology