‘മണിച്ചിത്രത്താഴി’ലെ ഹിറ്റ് സൈക്കിൾ രംഗം ‘സാജൻ ബേക്കറി’യിൽ വീണ്ടും പിറന്നപ്പോൾ- 28 ഇയർ ചലഞ്ചുമായി അജു വർഗീസ്
അജു വർഗീസ്-ലെന കൂട്ടുകെട്ടിലെത്തുന്ന ചിത്രം ‘സാജൻ ബേക്കറി സിൻസ് 1962’ ഫെബ്രുവരി 12 ന് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭക്ഷണമാണ് പ്രധാന ഘടകം. സാജൻ ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ ബെറ്റ്സിയുടെയും ബോബന്റെയും കഥയാണ് സിനിമ പറയുന്നത്. ലെനയും അജുവും ബെറ്റ്സി, ബോബൻ എന്നിവരായി വേഷമിടുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജു വർഗീസ് ആണ്. അതുകൊണ്ട് തന്നെ സിനിമയുടെ വിശേഷങ്ങളാണ് അജു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ, സാജൻ ബേക്കറിയിൽ നിന്നുള്ള ഒരു രംഗം മണിച്ചിത്രത്താഴിലെ രംഗവുമായി ചേർത്ത് പങ്കുവയ്ക്കുകയാണ് അജു വർഗീസ്. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മണിച്ചിത്രത്താഴിൽ ഇന്നസെന്റിനെ സൈക്കിളിന് പിന്നിലിരുത്തി ഗണേഷ് പോകുന്ന ഒരു ഹിറ്റ് സീനുണ്ട്. സമാനമായ ഒരു സീൻ സാജൻ ബേക്കറിയിലുമുണ്ട്. സൈക്കിൾ ചവിട്ടുന്നത് ഗണേഷ് തന്നെയാണ്, പിന്നിലിരിക്കുന്നത് അജു വർഗീസ് ആണെന്ന് മാത്രം.
Read More: ടൊവിനോ തോമസ് നായകനായെത്തുന്ന ‘കള’ മാര്‍ച്ച് 19 മുതല്‍ തിയേറ്ററുകളിലേയ്ക്ക്
‘ക്ലാസിക്കുമായി താരതമ്യമല്ല, സ്നേഹത്തിൽ നിന്നുള്ള ഒരു ആദരവ്’ എന്ന ക്യാപ്ഷനൊപ്പമാണ് 28 ഇയർ ചലഞ്ചായി ചിത്രം അജു വർഗീസ് പങ്കുവെച്ചിരിക്കുന്നത്. ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിന്നത് പത്തനംതിട്ട, റാന്നി, തേനി, ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങൾക്കായി ചിത്രീകരിച്ചിരുന്നു. ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കുറെ നന്മയുള്ള മനുഷ്യരുടെ കഥയാണ് പറയുന്നത്.
Story highlights- aju varghese 28 year challenge