ചാക്കോ മാഷിനെ കടുവയെന്ന് വിളിക്കാൻ ധൈര്യമുള്ള ഒരേയൊരാൾ- ആടുതോമയുടെ മൈനയ്ക്ക് ശബ്ദം നൽകിയത് പ്രശസ്തനായ സംവിധായകൻ
മലയാള സിനിമയിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. ആടുതോമയും, ചാക്കോ മാഷും, തുളസിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്. അഭിനേതാക്കൾക്കൊപ്പം സ്ഫടികത്തിൽ നിന്നും മനസ്സിൽ കയറിയതാണ് ചെകുത്താൻ ലോറിയും, റെയ്‌ബാൻ ഗ്ലാസും പിന്നെ ആടുതോമയുടെ ഒറ്റ മൈനയും. സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കയ്യടി നേടിയ താരമാണ് മൈന. കാരണം, എല്ലാവരെയും വിറപ്പിച്ചിരുന്ന ചാക്കോ മാഷിനെ കടുവയെന്ന് വിളിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരേയൊരാൾ കൂട്ടിൽകിടന്ന മൈനയാണ്. ആ ‘കടുവാ..’ വിളിക്ക് പിന്നിൽ രസകരമായ ഒരു രഹസ്യമുണ്ടായിരുന്നു. കാരണം, മൈനയ്ക്ക് ശബ്ദം നൽകിയത് പ്രശസ്തനായ ഒരു സംവിധായകൻ ആയിരുന്നു. ആലപ്പി അഷ്റഫാണ് മൈനയ്ക്ക് ശബ്ദം നൽകിയത്.
ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക്
വിളിച്ച് എൻ്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു. എന്തിനെന്നോ…
ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല.. പിന്നെയോ.. ?
അതിലെ അതികായകനായ ചാക്കോ മാഷിനെ ” കടുവാ കടുവാ ” എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി,
ആ ശബ്ദം നൽകിയിരുന്നത് ഞാനായിരുന്നു. സ്ഫടികം റിലീസിംഗ് തീയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു. ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു.റി- റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായി അന്ന് ലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.
ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു.
മൈനക്ക് വേണ്ടിയുള്ള എൻ്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിൻ്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായി . സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി. അവരും എന്നെ വിളിച്ചു. ഈ കിളിയുടെ ശബ്ദം ചെയ്യാൻ, “ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. ” മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു. ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം. കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി, സ്ഫടികം മോഡൽ ശബ്ദത്തിൽ “കരടി കരടി ” എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.
Story highlights- aleppey ashraf about sphadikam movie