‘എന്നിലെ നടിയെ പുറത്തെത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി’- മനസുതുറന്ന് അൻസിബ
ആദ്യഭാഗത്തോട് തികച്ചും നീതി പുലർത്തിയ ചിത്രമായിരുന്നു ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ രണ്ടാം ഭാഗത്തിലും അഭിനയിക്കാൻ സാധിച്ചതിന് നന്ദി അറിയിക്കുകയാണ് നടി അൻസിബ ഹസ്സൻ, ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയതെങ്കിലും പിനീട് ശ്രദ്ധേയമായ വേഷങ്ങളിൽ എത്താൻ അൻസിബയ്ക്ക് സാധിച്ചിരുന്നില്ല. പൂർണമായും അഭിനയലോകത്തുനിന്നും വിടപറഞ്ഞ സമയത്താണ് ദൃശ്യം രണ്ടാം ഭാഗം എത്തിയത്.
അൻസിബയുടെ വാക്കുകൾ;
മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ശേഷം ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർത്തു. പക്ഷേ അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം ഞാൻ വീണ്ടും പ്രവേശനം പ്രതീക്ഷിച്ചിരുന്നില്ല. ദൈവകൃപയാൽ ഞാൻ ദൃശ്യം 2 വഴി തിരിച്ചുവന്നു. എന്നിലെ നടിയെ പുറത്തെത്തിക്കാൻ എനിക്ക് അവസരം നൽകിയ ദൃശ്യം എന്ന ചിത്രത്തിനും ജീത്തു സാറിനും നന്ദി പറയുന്നു. എനിക്കും എന്റെ ഭാവിക്കും വേണ്ടി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും മോഹൻലാൽ സറിനും ആന്റണി സാറിനും നന്ദി..
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.
Story highlights- ansiba hassan about drishyam 2