കൊടും ഭീകരനാണ്, നിമിഷങ്ങള്‍ക്കൊണ്ട് ജീവനെടുക്കുന്ന ‘നീല നീരാളി’
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രപഞ്ചം എന്ന വിസ്മയം. പ്രത്യേകതകള്‍ നിറഞ്ഞ ജീവജാലങ്ങളും ഏറെയാണ് പ്രപഞ്ചത്തില്‍. ഇത്തരത്തില്‍ ഒന്നാണ് നീല നീരാളി. ഉഗ്ര വിഷമാണ് നീലനീരാളിയ്ക്ക്. കടലിലെ തന്നെ കൊടും ഭീകരന്. നീല നീരാളിയുടെ കടിയേറ്റാല്‍ മനുഷ്യര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ജീവന് നഷ്ടമാകും.
സ്വര്‍ണ നിറമാണ് ഇവയുടെ ശരീരത്തിന്. നീല നിറത്തിലുള്ള വലയങ്ങളുമുണ്ട് ശരീരത്തിലാകെ. കാഴ്ചയില്‍ അല്പം തിളക്കത്തോടുകൂടിയവയാണ് ഈ വലയങ്ങള്‍. ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നതും ഈ വലയങ്ങള്‍ തന്നെയാണ്. ബ്ലൂ റിങ്സ് നീരാളികള്‍ എന്നും ഇവ അറിയപ്പെടുന്നു. ശരീരത്തിലെ നീല വലയങ്ങളാണ് ഈ പേര് വരാന്‍ കാരണം.
നീല നീരാളികള്‍ കാഴ്ചയിലും വളരെ ചെറുതാണ്. പന്ത്രണ്ട് മുതല്‍ ഇരുപത് സെന്റീമീറ്റര്‍ വരെയാണ് ശരാശരി ഒരു നീല നീരാളിയുടെ നീളം. കടിച്ചാല്‍ കാര്യമായ വേദന തോന്നില്ല. എന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ തന്നെ കടിയേറ്റ ആളുടെ ശരീരത്തില്‍ വിഷം വ്യാപിച്ച് പക്ഷാഘാതം സംഭവിയ്ക്കുന്നു. മരണസാധ്യതയും കൂടുതലാണ്. നീല നീരാളികളുള്ള പല കടല്‍ത്തീരങ്ങളിലും സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്.
സാധാരണ പവിഴപ്പുറ്റുകള്‍ക്കിടയിലും പാറക്കൂട്ടങ്ങള്‍ക്കിടയിലുമൊക്കെയാണ് നീല നീരാളികളെ കാണുന്നത്. പസഫിക് സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇവയുടെ സാന്നിധ്യമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള കടല്‍ ജീവി വര്‍ഗങ്ങളില്‍ ഒന്നുകൂടിയാണ് നീല നീരാളികള്‍. ഒരു മനിറ്റുകൊണ്ട് 26 മനുഷ്യരെ വരെ കൊല്ലാന്‍ സാധിക്കുന്നത്ര വിഷമുണ്ട് ഇവയുടെ ശരീരത്തില്‍.
Story highlights: Blue-ringed octopus