ആരും ചെയ്യാൻ മടിക്കുന്ന ജോലിയെ തന്റെ കർമ്മ മേഖലയാക്കി മാറ്റിയ ഹീറോ- ചന്ദ്രശേഖര പണിക്കർ’ക്ക് കോമഡി ഉത്സവവേദി നൽകിയ സ്നേഹാദരവ്
ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ട് എന്ന് പറയുമ്പോഴും നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലികൾ ഉണ്ട്. ചിലർ വൈറ്റ് കോളർ ജോലികൾ മാത്രമെന്ന ചിന്തയിൽ ജീവിക്കുമ്പോൾ മറ്റു ചിലർ ആരും ചിന്തിക്കാത്ത മേഖലകളിലാണ് അപ്രതീക്ഷിത നിയോഗമെന്നതുപോലെ എത്തിച്ചേരുന്നത്. എല്ലാവരും ചെയ്യാൻ മടിക്കുന്ന ജോലികൾ ഒരു കർമ്മമായി ഏറ്റെടുത്ത് പൂർണമായും നീതി പുലർത്തുന്ന അറിയപ്പെടാത്ത ഒട്ടേറെ സാധാരണക്കാർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള അറിയപ്പെടാത്ത , ആരും ഏറ്റെടുക്കാത്ത ജോലികൾ ചെയ്യുന്ന ആളുകളെ ആദരിക്കാൻ കോമഡി ഉത്സവം ചാപ്ടർ 2 അവസരമൊരുക്കിയിരിക്കുകയാണ്. സീറോ ടു ഹീറോ എന്ന സെഗ്മന്റിലൂടെയാണ് ഇങ്ങനെയുള്ള താരങ്ങളെ ഫ്ളവേഴ്സ് ടി വി ആദരിക്കുന്നത്.
ആദ്യമായി ‘സീറോ ടു ഹീറോ’യിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത് ചേർത്തല സ്വദേശിയായ ചന്ദ്രശേഖര പണിക്കരാണ്. ആശുപത്രിയിലെ സ്വീപ്പർ ജീവനക്കാരനായ ചന്ദ്രശേഖര പണിക്കർ 20 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് പ്രവേശിച്ചത്. അങ്ങനെയിരിക്കെയാണ് ആശുപത്രികളിലെ ഏറ്റവും ഭയപ്പെടുത്തുന്നതും നൊമ്പരപ്പെടുത്തുന്നതുമായ മോർച്ചറിയിലേക്ക് അപ്രതീക്ഷിത നിയോഗം പോലെ ചന്ദ്രശേഖര പണിക്കർക്ക് മാറ്റമുണ്ടായത്. ആദ്യം, ശവശരീരങ്ങൾ വൃത്തിയാക്കുന്നതായിരുന്നു ജോലി. പിന്നീട് അത് മൃതദേഹങ്ങൾ തുന്നിച്ചേർക്കുന്നതിലേക്ക് മാറി. രക്തവും, മാംസവും നിറഞ്ഞ കാഴ്ച ആദ്യമൊക്കെ ഭയപ്പെടുത്തുകയും ആഹാരം കഴിക്കുമ്പോൾ പോലും വേദനിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ന് അദ്ദേഹത്തിന് അതൊരു ജോലിയല്ല, കർമ്മമാണ്. 28 വർഷമായി ഈ തൊഴിലാണ് ചെയ്യുന്നത്. ഇത്ര വർഷമായിട്ടും സ്ഥിരമായില്ല എന്ന സങ്കടം മാത്രമേ ഉള്ളു. തുടക്കത്തിൽ ലഭിച്ച 20 രൂപ ദിവസക്കൂലിയിൽ നിന്നും ഇന്ന് 440 രൂപയിലേക്ക് ഉയർന്നു. അപ്പോഴും അതൊരു വലിയ തുകയല്ല . എങ്കിലും ഉള്ളതിൽ അദ്ദേഹം തൃപ്തനാണ്. അപകടം സംഭവിച്ച് മുഖം പോലും തകർന്നു ലഭിക്കുന്ന മൃതദേഹങ്ങൾ ഏറ്റവും ഭംഗിയായി തുന്നിച്ചേർത്ത് ബന്ധുക്കളെ ഏൽപ്പിക്കുന്നതാണ് സന്തോഷം എന്ന് അദ്ദേഹം പറയുന്നു. കാരണം, ഉറ്റവർക്ക് അവസാനമായി കാണാൻ പറ്റുന്ന അവസരത്തിൽ തകർന്ന മുഖമോ ശരീരമോ കൈമാറാൻ മനസ് വരാറില്ല ചന്ദ്രശേഖര പണിക്കർക്ക്.
നമുക്ക് ചെയ്യാനാവാത്തത് സ്വന്തം നിയോഗമായി കരുതുന്ന, നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലിയെ തന്റെ കർമ്മ മേഖലയാക്കി മാറ്റിയ, അപ്രതീക്ഷിതമായി പിരിയുന്നവരെ പ്രിയപ്പെട്ടവർക്ക് അവസാന കാഴ്ചയ്ക്കായി ആ ദേഹം ഏറ്റവും ഭംഗിയായി നൽകാൻ ശ്രമിക്കുന്ന ‘ചന്ദ്രശേഖര പണിക്കർ’ക്ക് ഉത്സവവേദി നൽകിയ സ്നേഹാദരവ് മനസ് നിറയ്ക്കുന്ന കാഴ്ചയായി മാറുകയാണ്.
Story highlights- comedy ulsavam zero to hero