തനിയെ പാചകം ചെയ്യും, ടേബിളുകളിൽ എത്തിക്കും, വൃത്തിയാക്കും- പൂർണമായും റോബോട്ടുകൾ നിയന്ത്രിക്കുന്ന കഫേയുമായി ദുബായ്

February 15, 2021

അടുക്കള ഒരു അങ്കത്തട്ട് തന്നെയാണ്. പാചക പ്രക്രിയയിലെ ഓരോ ഘട്ടത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഭക്ഷണം ഉണ്ടാകുക എന്നത് മാത്രമല്ല അവിടെ നടക്കുന്നത്. ഒരു വീട്ടിലെ അടുക്കളയിൽ തന്നെ പാചകം മുതൽ വൃത്തിയാക്കൽ വരെ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളുണ്ട്. അപ്പോൾ ഒരു ഹോട്ടലിലോ? എത്രയധികം ആളുകൾ പല സെക്ഷനുകളിലായി ജോലി ചെയ്താലാണ് കൃത്യമായി ഓർഡറുകൾക്ക് അനുസരിച്ച് ഭക്ഷണം എത്തിക്കാൻ സാധിക്കു, അല്ലെ? എന്നാൽ, ഈ കൊവിഡ് കാലത്ത് ഇങ്ങനെ ആളുകൾ കൂട്ടം കൂടി ജോലി ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയെ ഉള്ളു. ഈ സാഹചര്യത്തിലാണ് ദുബായിലെ റോബോ കഫേ ശ്രദ്ധേയമാകുന്നത്.

2020 ജൂണിലാണ് റോബോ കഫേ ആരംഭിച്ചത്. ഈ കഫ്റ്റീരിയയിൽ വെയിറ്റർമാരോ പാചകക്കാരോ ഇല്ല – എല്ലാ ജോലികളും ജർമ്മൻ നിർമ്മിത റോബോട്ടുകൾ ഏറ്റെടുക്കുന്നു, അത് തയ്യാറാക്കി ഉപഭോക്താക്കളുടെ ടേബിളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഇവിടെ ഓർഡർ ചെയ്യുന്നതുമുതൽ വളരെ ലളിതമായ സജ്ജീകരണമാണ്. ടേബിളിലുള്ള സ്മാർട്ട് സ്‌ക്രീനിൽ നിന്നും ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാം. റോബോട്ട്, ടേബിളിലെ ഓർഡറുകൾ തരംതിരിച്ച് ഒരു ചെറിയ സർവീസ് ബോട്ടിലൂടെ അവിടേക്ക് ഭക്ഷണം എത്തിക്കുന്നു.

അതേസമയം, പാനീയങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. ജർമ്മൻ നിർമിത റോബോട്ടുകൾ പാനീയങ്ങൾ നിർമ്മിക്കുമ്പോൾ, ഡെലിവറി ബോട്ടുകൾ യുഎഇയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്.ഭക്ഷ്യ വ്യവസായത്തിലെ ഈ പുതിയ സാങ്കേതികവിദ്യ സുരക്ഷിതമാണെന്നാണ് പൊതു അഭിപ്രായം. പ്രത്യേകിച്ച്, കൊവിഡ് കാലയളവിൽ ആരോഗ്യ വിദഗ്ധർ ശാരീരിക അകലം പാലിക്കാനായുള്ള മുൻകരുതലുകൾ നിർദേശിക്കുന്ന സാഹചര്യത്തിൽ.

Read More: രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ശവകുടീരത്തിൽ നിന്നും ലഭിച്ചത് നിറം വർധിപ്പിക്കാനുള്ള പുരാതന ഫേസ് ക്രീം

അതേസമയം, മനുഷ്യന് പകരം റോബോട്ടുകൾ ജോലി ചെയ്യുന്ന അതേ ആശയം ദക്ഷിണ കൊറിയയിലും നടക്കുന്നു. സിയോളിലെ ഒരു റെസ്റ്റോറന്റിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കാൻ ട്രോളി പോലുള്ള റോബോട്ടാണ് ഉപയോഗിക്കുന്നത്.

Story highlights- dubai robo cafe