ജിക്കുവിന് ഇനിയും ജീവിയ്ക്കണം; അതിന് ശസ്ത്രക്രിയ നടത്തണം: സുമനസ്സുകളുടെ കാരുണ്യം കാത്ത് ഈ യുവാവ്
നന്മ വറ്റാത്ത സുമനസ്സുകളുടെ കനിവ് തേടുകയാണ് ജിക്കു ജോസഫ് എന്ന യുവാവ്. ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ജിക്കുവിന് ശസ്ത്രക്രിയ അനിവാര്യമാണ്. എന്നാല്‍ അതിന് ചെലവുകള്‍ ഏറെ. സുമനസ്സുകള്‍ നല്‍കുന്ന സാമ്പത്തിക സഹായംകൊണ്ടുവേണം ശസ്ത്രക്രിയ നടത്താന്‍.
കോട്ടയം പാറമ്പുഴ സ്വദേശിയാണ് മുകുളേല്‍ വീട്ടില്‍ ജിക്കു ജോസഫ്. ആറ് വര്‍ഷങ്ങളായി രോഗദുരിതം ഈ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി തുടങ്ങിയിട്ട്. 2015-ല്‍ മഞ്ഞപ്പിത്തത്തിന്റെ രൂപത്തിലായിരുന്നു തുടക്കം. മഞ്ഞപ്പിത്തം ഗുരുതരമായെങ്കിലും ചികിത്സയ്‌ക്കൊടുവില്‍ രോഗം ഭേദമായി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കാലില്‍ നീര് പ്രകടമായി. കനത്ത വേദനയും. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജിക്കുവിന് ഫാറ്റി ലിവര്‍ ആണെന്ന് തിരിച്ചറിയുന്നത്. അന്ന് 110 കിലോഗ്രാമായിരുന്നു ജിക്കുവിന്റെ ഭാരം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് ഇദ്ദേഹം ഭാരം 78 കിലോഗ്രാമിലെത്തിച്ചു. മരുന്നുകളും കൃത്യമായി കഴിച്ച് രോഗാവസ്ഥയെ നിയന്ത്രണ വിധേയമാക്കി.
ഇതിനിടെയാണ് ജിക്കുവിനെ ഹെര്‍ണിയ ബാധിച്ചത്. സ്‌കാനിംഗ് നടത്തിയപ്പോള്‍ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ലെന്നും കണ്ടെത്തി. വയറ്റില്‍ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ ഹെര്‍ണിയയ്ക്ക് വേണ്ടിയുള്ള ശസ്ത്രക്രിയയും നടത്താന്‍ സാധിച്ചില്ല. കരളിന്റെ പ്രവര്‍ത്തനം തീരെ കുറവായതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
ജിക്കുവിന്റെ മാതാവിനും മാതാവിന്റെ കുടുംബത്തിലുള്ളവര്‍ക്കും കരള്‍ രോഗങ്ങള്‍ ഉള്ളതിനാല്‍ കുടുംബത്തില്‍ നിന്നും കരള്‍ സ്വീകരിയ്ക്കാന്‍ സാധിയ്ക്കില്ല. ഈ സാഹചര്യത്തില്‍ അവയവദാതാവിനേയും തേടുകയാണ് ജിക്കു. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികത്സയ്ക്കുമെല്ലാം ഭീമമായ തുക ആവശ്യമാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിയ്ക്കുന്ന ജിക്കുവിന്റെ കുടംബം സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിയ്ക്കുന്നു.
അക്കൗണ്ട് വിവരങ്ങള്‍-
പേര് – GIKKU JOSEPH
SOUTH INDIAN BANK, CENTRAL JUNCTION KOTTAYAM
ACCOUNT NUMBER- 0037053000027728
IFSC CODE- SIBL0000037
GOOGLE PAY- +919048261010
Story highlights: Gikku Joseph needs help