വെളിച്ചത്തോടെ പിറന്നുവീണ കുഞ്ഞാവ; ഫാഷൻ ലോകത്തും താരമായി മായ
സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കവരുകയാണ് ഒരുപിടി പ്രത്യേകതകളുമായി പിറന്നുവീണ കുഞ്ഞാവ. വെളുത്ത മുടിയിഴകളോടെയാണ് കുഞ്ഞുമായ ജനിച്ചത്. വെളുത്ത മുടിയിഴകളുമായി പിറന്നുവീണ കുഞ്ഞിനെ കണ്ടയുടൻ ഡോക്ടറുമാരും നഴ്സുമാരും അത്ഭുതപ്പെട്ടു. പൈബാൾഡിസം എന്ന രോഗാവസ്ഥയാണ് കുഞ്ഞുമായയുടെ ഈ പ്രത്യേകതയ്ക്ക് പിന്നിൽ. മുടിക്കും ചർമ്മത്തിനും നിറം പകരുന്ന മെലാനിന്റെ അഭാവം മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. പൈബാൾഡിസം മൂലം കുഞ്ഞുമായയുടെ മുൻ ഭാഗത്തെ മുടിയിഴകളാണ് വെളുത്തിരിക്കുന്നത്.
നാല്പതാമത്തെ വയസിലാണ് ടാലിറ്റയ്ക്കും ഭർത്താവിനും കുഞ്ഞ് പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ കുഞ്ഞിന്റെ ഈ പ്രത്യേകത പക്ഷെ ടാലിറ്റയ്ക്കും ഭർത്താവിനും കൂടുതൽ കരുത്താണ് പകർന്നത്. എല്ലാവരിൽ നിന്നും വ്യത്യസ്തയായ മകളെ കൂടുതൽ ആത്മവിശ്വാസവും കരുത്തും ഉള്ള ആളായി വളർത്താനാണ് ഇവർ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ മകളുടെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും ഇവർ തുടങ്ങി. ഇതിനോടകം നിരവധി ആരാധകരെ നേടിക്കഴിഞ്ഞു ഈ കുഞ്ഞുതാരം.
Read also:കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടിയത് 53 വർഷങ്ങൾക്ക് ശേഷം, ഒപ്പം പഴയകാല ഓർമ്മകളും; സന്തോഷത്തിൽ 91 കാരൻ
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഈ കുഞ്ഞുമിടുക്കിയെ ഫാഷൻ ബേബിയെന്നും വെളിച്ചത്തോടെ പിറന്ന പെൺകുട്ടി എന്നുമൊക്കെയാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. അതേസമയം മായയുടെ മാതാവ് ടാലിറ്റയ്ക്കും ചെറുപ്പത്തിൽ ഇത്തരം ശാരീരിക പ്രത്യേകതകൾ ഉണ്ടായിരുന്നു. വ്യത്യസ്തയായതിനാൽ മറ്റുള്ളവരിൽ നിന്നും നിരവധി കളിയാക്കലുകൾ ടാലിറ്റ നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരെ അവരുടെ ശാരീരിക പ്രത്യേകതകളോടെത്തന്നെ ബഹുമാനിക്കാൻ പഠിപ്പിച്ചുകൊണ്ടാണ് താൻ മകളെ വളർത്തുന്നത് എന്നാണ് ടാലിറ്റ അഭിപ്രായപ്പെടുന്നത്.
Story Highlights:girl born with a white streak in her hair