“എന്റെ രണ്ടു കൈകളേയും കൂടി കാന്‍സര്‍ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരിക്കുന്നു”- മനസ്സു തളരാതെ നന്ദു മഹാദേവ: കുറിപ്പ്

February 26, 2021
Heart touching words by cancer patient Nandhu Mahadeva

കാന്‍സര്‍ എന്ന വാക്ക് ഒരല്പം നെഞ്ചിടിപ്പോടെയല്ലാതെ കേള്‍ക്കുന്നവര്‍ വിരളമാണ്. എന്നാല്‍ കാന്‍സറിനോട് പുഞ്ചിരിയോടെ പോരാടുന്ന ചുരുക്കം ചിലരുമുണ്ട്. നന്ദു മഹാദേവയെപ്പോലെയുള്ളവര്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ നന്ദു മഹാദേവ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ആത്മവിശ്വാസത്തിന്റെ കരുത്ത് പകരുന്ന വാക്കുകളാണ് നന്ദുവിന്റേത്.

ശ്രദ്ധ നേടുന്നതും നന്ദു മഹാദേവ പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ്. രോഗത്തെ പേടിയ്ക്കാതെ മുന്നോട്ട് പോകാനുള്ള ആഹ്വാനമാണ് ഈ വാക്കുകളില്‍ പ്രതിഫലിയ്ക്കുന്നത്.

കുറിപ്പ്

എന്റെ രണ്ടു കൈകളേയും കൂടി കാന്‍സര്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു.. വലത് കൈയുടെയും ഇടത് കൈയുടെയും മസിലുകളില്‍ അത് ചിത്രം വര ആരംഭിച്ചു കഴിഞ്ഞു..! പക്ഷെ ഞാനിപ്പോഴും ശാന്തമാണ്.. ജീവിതത്തിന്റെ പരമമായ ആനന്ദം അനുഭവിക്കാന്‍ തക്ക സന്തോഷവാനാണ്.. ശുഭാപ്തി വിശ്വാസത്തിന്റെ നെറുകയിലാണ്…

എന്റെ എഴുത്തുകള്‍ സ്ഥിരമായി വായിക്കുന്നവരും എന്നോട് സംസാരിക്കുന്നവരും എന്നെ അറിഞ്ഞവരും ഒക്കെ മിക്കപ്പോഴും പറയാറുള്ള ഒരു കാര്യമാണ് എനിക്ക് പ്രായത്തില്‍ കവിഞ്ഞ പക്വത ആണെന്ന്.. എന്നെക്കാളും വളരെ മുതിര്‍ന്നവര്‍ പോലും പറഞ്ഞിട്ടുണ്ട് മോനോട് സംസാരിക്കുമ്പോഴും മോന്റെ മറുപടികള്‍ കേള്‍ക്കുമ്പോഴും ഒത്തിരി ഇരുത്തം വന്ന മുതിര്‍ന്നവരോട് സംസാരിക്കുന്നത് പോലെയൊരു അനുഭവം ആണെന്നും വല്ലാത്ത സമാധാനം കിട്ടാറുണ്ടെന്നും.. അത് വളരെ ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.. ഒരു പക്ഷേ തീഷ്ണമായ ജീവിതാനുഭവങ്ങള്‍ എന്നെ അങ്ങനെ വാര്‍ത്തെടുത്തതാകാം…

ഞാനിത്രയും മുഖവുര പറഞ്ഞത് വളരെ പക്വതയോടെ ഒരു വിഷയം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാന്‍ വേണ്ടിയാണ്… വളരെ പോസിറ്റിവ് ആയി മാത്രം എന്റെ ഹൃദയങ്ങള്‍ ഇതു വായിക്കണമെന്നാണ് ഈയുള്ളവന്റെ അപേക്ഷ.. ഈ മലയാള സമൂഹത്തില്‍ ഞാനുണ്ടാക്കിയിട്ടുള്ള ഓളം എത്രത്തോളം ഉണ്ടെന്ന് നന്നായി മനസ്സിലാക്കിയത് കൊണ്ടു മാത്രമാണ് ഇത്തരം ഒരു കുറിപ്പ് ഞാനെഴുതുന്നത്…

ഇനിയൊരിക്കലും എഴുന്നേല്‍ക്കാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ വീണുപോയാലും എന്നെ നോക്കി നടക്കാന്‍ പഠിച്ചവര്‍ ഒരു കാരണവശാലും വീഴാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യം എനിക്കുണ്ട്..! എനിക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ എന്റെ പ്രിയപ്പെട്ടവരാരും തളര്‍ന്നു പോകരുത്…. ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോല്‍പിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളതല്ല എന്റെ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കേണ്ട പാഠം..

ഇത്രയും ഗുരുതരമായ വേദനാജനകമായ ഒരു രോഗം നിരന്തരം വേട്ടയാടിയിട്ടും ഞാനെന്ന വ്യക്തി അതിനെയൊക്കെ തൃണവല്‍ക്കരിച്ചുകൊണ്ട് എത്ര സുന്ദരവും സന്തോഷപരവും ആയിട്ടാണ് ജീവിതം ജീവിച്ചത് എന്നുള്ള വലിയ സന്ദേശമാണ് ഈ സമൂഹം ഉള്‍ക്കൊള്ളേണ്ടത് എന്നാണ് ആഗ്രഹം..!

എന്റെ ജീവിത പോരാട്ടങ്ങളിലൂടെ ഞാന്‍ നിരന്തരം ശ്രമിച്ചതും അങ്ങനെയൊരു സന്ദേശം നല്‍കാനാണ്..
അറിഞ്ഞോ അറിയാതെയോ ഒരുപാട് മനുഷ്യര്‍ക്ക് മുന്നോട്ട് ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കാന്‍ ഞാനൊരു കാരണമായിട്ടുണ്ട്.. ഒത്തിരി മനസ്സുകളെ സ്വാധീനിച്ചിട്ടുമുണ്ട്.. അവരാരും ഇനിയൊരിക്കലും ജീവിതത്തിന് മുന്നില്‍ തളരുവാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു തുറന്നു പറച്ചില്‍…

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ പൊരുതിക്കൊണ്ടിരിക്കും.. കാന്‍സറിന്റെ ഈ ചങ്ങല പൊട്ടിച്ച് പുറത്തുവരാന്‍ എന്റെ ശരീരത്തോട് തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കും.. ആ ആത്മവിശ്വാസത്തില്‍ നിന്ന് ഒരു തരി പോലും പിന്നോട്ട് മാറില്ല.. ഒന്നും ഒന്നിന്റെയും അവസാനമല്ല.. എല്ലാം പുതിയ തുടക്കങ്ങളാണ്.. എന്നെപ്പോലെ ചിന്തിക്കുന്ന നൂറുകണക്കിന് നന്ദു മഹാദേവമാര്‍ ഈ സമൂഹത്തില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു..

കാന്‍സര്‍ എന്നു മാത്രമല്ല ഒരു പ്രതിസന്ധികള്‍ക്ക് മുന്നിലും തലകുനിക്കാതെ ഒരു ചെറുപുഞ്ചിരിയോടെ സമൂഹത്തില്‍ സ്‌നേഹം വാരി വിതറിക്കൊണ്ട് കൂടെയുള്ളവരെയും ചേര്‍ത്തുപിടിച്ചു മുന്നോട്ട് പോകുന്ന ഒരു തലമുറ ഇവിടെ ഉദയം കൊള്ളട്ടെ.. ഇപ്പോള്‍ കഴിക്കുന്ന മരുന്ന് കുറച്ചു ശക്തി കൂടിയതാണ്.. അതുകൊണ്ട് തന്നെ ഇന്‍ഫെക്ഷന്‍ വരാതെ സൂക്ഷിക്കണം.. സന്ദര്‍ശകര്‍ പാടില്ല.. ഈ ഒരു സാഹചര്യം മാറുമ്പോള്‍ എന്റെ പ്രിയപ്പെട്ടവരെയൊക്കെ എനിക്ക് കാണണം..!

പതിവ് പോലെ സന്തോഷം നിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി എന്റെ വീടിന്റെ ഉമ്മറത്ത് ഞാനുണ്ടാകും.. കരഞ്ഞുകൊണ്ടോ വിഷമിച്ചു കൊണ്ടോ ആരും എന്നെ കാണാന്‍ വരരുത്.. ഒരു പോരാളിയെ കാണാന്‍ വരുമ്പോള്‍ പോരാളിയായി തന്നെ വരണം.. അങ്ങനെ വരുന്നവര്‍ക്ക് ഒരു കട്ടന്‍ ചായയും കുടിച്ചു കുറച്ചു നാട്ടുവര്‍ത്തമനങ്ങളും പറഞ്ഞ് ചങ്കിനുള്ളിലെ നിഷ്‌കളങ്കമായ സ്‌നേഹം പരസ്പരം പങ്കുവെച്ച് ആ ഹൃദയത്തില്‍ എന്നെയും കൊണ്ടു മടങ്ങാം..! ഇനിയെല്ലാം ഈശ്വരന്റെ കരങ്ങളിലാണ്.. ഞാന്‍ തിരിച്ചു വരിക തന്നെ ചെയ്യും.. കഴിയുന്ന സമയം വരെ ഇത്തരം കുത്തിക്കുറിക്കലുകളും സ്‌നേഹാന്വേഷണങ്ങളും പാട്ടും ഒക്കെയായി എന്റെ ചങ്കുകള്‍ക്കൊപ്പം ഞാനിവിടെത്തന്നെ ഉണ്ടാകും..
സ്‌നേഹപൂര്‍വ്വം
നന്ദു മഹാദേവ

NB : ഒത്തിരി സ്‌നേഹസമ്മാനങ്ങള്‍ എനിക്ക് കിട്ടാറുണ്ട്..അവയൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്.. ഈ ഷര്‍ട്ട് പ്രിയപ്പെട്ട നീതു ചേച്ചിയുടെ സമ്മാനമാണ്.. ഒത്തിരി സെലിബ്രിറ്റികള്‍ക്ക് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്യുന്ന ചേച്ചിയില്‍ നിന്ന് കിട്ടിയ ഈ സ്‌നേഹവും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

Story highlights: Heart touching words by cancer patient Nandhu Mahadeva