ഹെലൻ തമിഴിലേക്ക് എത്തുമ്പോൾ ‘അൻപിർക്കിനിയാൾ’- ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

February 18, 2021

കഴിഞ്ഞ വർഷം മലയാളത്തിൽ ശ്രദ്ധേയമായ ചിത്രമായിരുന്നു മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’. നടി അന്ന ബെൻ നായികയായി അഭിനയിച്ച വനിത കേന്ദ്രീകൃത ചിത്രം ഇപ്പോൾ തമിഴിൽ റീമേക്കിന് ഒരുങ്ങുകയാണ്. സർവൈവൽ ത്രില്ലറായ ചിത്രത്തിന് തമിഴിൽ ‘അൻപിർക്കിനിയാൾ’ എന്നാണ് പേര്. ചിത്രത്തിന്റെ ടൈറ്റിലോടുകൂടിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നടൻ ലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചിത്രത്തിൽ നായികയായ കീർത്തി പാണ്ഡ്യന്റെ പിതാവും നടനുമായ അരുൺ പാണ്ഡ്യനാണ് അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുലാണ്. ഹെലന്റെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം നിർമ്മിക്കുന്നത് അരുൺ പാണ്ഡ്യന്റെ ഹോം ബാനറായ എ & പി ഗ്രൂപ്പാണ്. ജാവേദ് റിയാസിന്റെ സംഗീതവും പ്രദീപ് ഇ രാഗവിന്റെ എഡിറ്റിംഗും മഹേഷ് മുത്തുസാമിയുടെ ഛായാഗ്രഹണവും ചിത്രത്തിലുണ്ട്.

മലയാളത്തിൽ ‘ദി ചിക്കൻ ഹബ്’ എന്ന റസ്റ്റോറന്റിൽ വെയിട്രസ് ആണ് അന്നയുടെ കഥാപാത്രം. ഹെലൻ  അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാത്തുക്കുട്ടിക്കൊപ്പം  ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചത്.

അതേസമയം, തമിഴിന് പുറമെ അതേസമയം, ഹെലൻ രണ്ടു ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. കന്നഡ റീമേക്ക് ഒരുക്കുന്നത് എം അരുൺകുമാർ, സാബു അലോഷ്യസ് എന്നിവർ ചേർന്നാണ്. കന്നഡ നടി ലാസ്യ നാഗരാജ് ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സംവിധായകൻ ലോഹിത്, ഫ്രൈഡേ ഫിലിംസുമായി ചേർന്ന് സിൽവർ ട്രെയിൻ ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ഒരേ സമയം തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’

അതേസമയം, പ്രമുഖ നിർമാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അന്ന ബെൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രം ഹിന്ദിയിൽ ബോണി കപൂറിന്റെ മകളും നടിയുമായ ജാൻവി കപൂർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- helen tamil remake first look poster