ദൃശ്യം 2 തെലുങ്ക് പതിപ്പിന് മാര്‍ച്ചില്‍ തുടക്കമാകും
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിന് മാര്‍ച്ചില്‍ തുടക്കമാകും. സംവിധായകന് ജീത്തു ജോസഫ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിര്‍മാണം.
അതേസമയം നടന് വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന, എസ്തര്, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. ദൃശ്യത്തിന്റെ ആദ്യ പതിപ്പും തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു. നടി ശ്രിപ്രിയയാണ് ദൃശ്യം തെലുങ്കിലേയ്ക്ക് റീമേയ്ക്ക് ചെയ്തപ്പോള്‍ സംവിധാനം നിര്‍വഹിച്ചത്.
അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്, സായ്കുമാര്, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.
Story highlights: Jeethu Joseph About Drishyam 2 Telugu Remake