നൃത്തം പഠിക്കാത്ത സാബുമാഷ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്’ വേണ്ടി ചിട്ടപ്പെടുത്തിയ ക്ലൈമാക്സ് നൃത്തം- ശ്രദ്ധനേടി ജിയോ ബേബിയുടെ കുറിപ്പ്
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം വളരെയധികം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. അടുത്തകാലത്ത് ഇത്രയധികം ചർച്ചയായ മറ്റൊരു ചിത്രമില്ലെന്നു പറയാം. മഹത്തായ ഭാരതീയ അടുക്കളയിലൂടെ ഒരു വിപ്ലവം തന്നെ ജിയോ ബേബി സൃഷ്ടിച്ചു. ഇപ്പോഴിതാ, ചിത്രത്തിന്റെ ക്ലൈമാക്സിലെ നൃത്തത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജിയോ ബേബി.
ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
മഹത്തായ അടുക്കള ലൊക്കേഷൻ ഒക്കെ സെറ്റ് ആയി കോഴിക്കോട് ഉള്ള സമയം.സിനിമയുടെ അവസാനം നിമിഷ ഹാപ്പി ആകുന്ന ഒരു മൊമെന്റ് എനിക്ക് വേണം… സ്ത്രീകളുടെ കലാ പ്രവർത്തനത്തിന്റെ ഒരു കൊളാഷ് അതാണ് മനസിൽ. അത് ഫ്രാൻസിസ് എഡിറ്റ് ചെയത് പൊളിക്കേണ്ട ഐറ്റം ഒക്കെ ആയി മനസിൽ കിടന്നു കളിക്കുന്നുണ്ട്.. പക്ഷേ കൊവിഡ് പ്രോട്ടോകോൾ പ്രകാരം 50 ൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പറ്റാത്ത സമയം… എന്ത് ചെയ്യും എന്ന ആലോചനയിൽ ആയിരുന്നു കുറെ ദിവസങ്ങൾ…
അങ്ങനെ ഒരു ദിവസം ശ്യാംഭവി സുരേഷിന്‍റെ വീട്ടിൽ പോയി. ആ വീട് 2 പെൺകുട്ടികൾ മുതൽ നമ്മുടെ കൂടെ വീടാണ്…ശ്യമുവും സുരേഷേട്ടനും ഒക്കെ ആയി ഞാനും ഫ്രാൻസിസും വർത്തമാനം പറഞ്ഞ് ഇരിക്കുകയാണ്. കഥകളി മുതൽ ഇങ്ങോട്ട് ഡാൻസിന്റെ സമസ്ത മേഖലകളും അടക്കി വാഴുന്ന കിടിലൻ കൊച്ചാണ് ശ്യാമു.. വർത്തമാനത്തിന്റെ ഇടയിൽ ഞാൻ ശ്യാമുനോട് ചോദിക്കുന്നു, ശ്യാമു നിങ്ങളുടെ ഗ്രൂപ്പ് ഡാൻസ് വീഡിയോ വല്ലോം ഉണ്ടോ? ‘ഉണ്ടല്ലോ ജിയോ അങ്കിൾ’ന്നു പറഞ്ഞു ഒരു സാധനം ലാപ്‌ടോപ്പിൽ കാണിക്കുന്നു. സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ A ഗ്രേഡ് നേടിയ ഗ്രൂപ്പ് ഡാൻസ് ആണ് സംഭവം.. മഹാഭാരതം ആണ് തീം…കണ്ട് അവസാനിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു. നോക്കുമ്പോൾ അതാ ഫ്രാൻസിസും നിറകണ്ണുകളോടെ.. ആരാണ് ഇതിന്റെ കൊറിയോഗ്രാഫർ…ശ്യാമു പറഞ്ഞു സാബു മാഷ്….സാബു ജോർജ്.
അദ്ദേഹത്തെ വിളിക്കുന്നു. ശേഷം സംഭവിച്ചതാണ് ക്ലൈമാക്സ് നൃത്തം…ഷൂട്ടിന്റെ ഇടയിലാണ് സാബു മാഷ് എന്നോട് പറയുന്നത് അദ്ദേഹം നൃത്തം പഠിച്ചിട്ടില്ല എന്നത്. അത്ഭുതത്തോടെയാണ് അത് ഞാൻ ഉൾക്കൊണ്ടത്…കാത്തിരിക്കുന്നു, ചിട്ടപ്പെടുത്തുന്ന ഓരോ ചുവടുകളും കാണാൻ…
Story highlights- jeo baby about climax dance