പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു
കലാരംഗത്ത് നിസ്തുല സംഭാവനകള്‍ സമ്മാനിച്ച പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു. 81 വയസായിരുന്നു പ്രായം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡാനന്തര ചികിത്സയിലിരിയ്‌ക്കെയാണ് മരണം സംഭവിച്ചത്.
ജനുവരിയിലാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കൊവിഡ് ഫലം നെഗറ്റീവായി അദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാല്‍ അഞ്ച് ദിവസം മുമ്പ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.
കഥകളി രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള കലാകാരനാണ് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി. 1940-ല്‍ കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തിലായിരുന്നു ജനനം. കഥകളി രംഗത്ത് ഏറെ ശ്രദ്ധേയനായ കുടമാളൂര്‍ കരുണാകരന്റെ ശിഷ്യനാണ് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി. സ്ത്രീവേഷങ്ങളിലാണ് മാത്തൂര്‍ ഗേവിന്ദന്‍കുട്ടി വ്യക്തിമുദ്ര പതിപ്പിച്ചത്. 2011-ല്‍ കേരള സംസ്ഥാന കഥകളി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Story highlights: Kathakali maestro Mathoor Govindan Kutty dies