‘ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്’- അഭിനന്ദനവുമായി മധുപാൽ

February 1, 2021

മദ്യപാനിയായ മുരളിയായി വെള്ളം എന്ന സിനിമയിൽ അവിസ്മരണീയമായ പ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. പലരും പരിചയമുള്ളവരെയോ, സ്വന്തം കുടുംബാംഗത്തിനെയോ സുഹൃത്തിനെയോ ആണ് വെള്ളത്തിലെ മുരളിയിലൂടെ ഓർമ്മിച്ചത്. ജയസൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ഒട്ടേറെ സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും വെള്ളം സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, നടനും സംവിധായകനുമായ മധുപാൽ ജയസൂര്യയെയും, പ്രജീഷ് സെന്നിനെയും കുറിച്ച് പങ്കുവയ്ക്കുകയാണ്.

മധുപാലിന്റെ വാക്കുകൾ;

ചില നിമിഷങ്ങൾ ജീവിതത്തിൽ ഓർക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തിൽ ഒരുവന്റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവൻ്റെ കണ്ണിലെ വെളിച്ചമില്ലായ്മയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവൻ മനുഷ്യർക്ക് പ്രതീക്ഷയും പ്രത്യാശയുമാകും. ജയസൂര്യ എന്ന അഭിനേതാവിന്റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ. ഒരു നടൻ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കിൽ ആ നടൻ അത്രമേൽ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേർന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിന്റെ സത്യമുള്ള മുഹൂർത്തങ്ങളാണ് വെള്ളം. ഒരു നടൻ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാൻ പാകമായത് എന്ന അർത്ഥത്തിൽ. ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്. വെള്ളം ഈ നൂറ്റാണ്ടിന്റെ ചിത്രമാണ്. അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും.

Read More: പുറത്തു കളിക്കാൻ പോയതാണ്, മടങ്ങിവന്നത് മാൻകുട്ടിക്കൊപ്പം- ഹൃദ്യമായ ചിത്രം

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്‍, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.

Story highlights- madhupal about jayasurya and vellam movie