നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാകുന്ന ‘മഹാവീര്യർ’- എബ്രിഡ് ഷൈൻ ചിത്രത്തിന് തുടക്കമായി
നിവിൻ പോളിയും ആസിഫ് അലിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എബ്രിഡ് ഷൈൻ ചിത്രത്തിന് തുടക്കമായി. മഹാവീര്യർ എന്നാണ് ചിത്രത്തിന്റെ പേര്. കന്നഡ നടി ഷാൻവി ശ്രീയാണ് നായിക. ലാൽ, സിദ്ധിഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും മുൻപ് ഒന്നിച്ച് അഭിനയിച്ചിരുന്നു. എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ 10 വർഷത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്.
രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ഭാഗമായത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നു.
നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. അതേസമയം, സിബി മലയിലിന്റെ ‘കൊത്ത്’, ജിബു ജേക്കബിന്റെ ‘എല്ലാം ശെരിയാവും’ എന്നിവയുടെ ചിത്രീകരണവും ആസിഫ് പൂർത്തിയാക്കിയിരുന്നു. രണ്ടു ചിത്രങ്ങളിലും രാഷ്ട്രീയ പ്രവർത്തകനായാണ് ആസിഫ് അലി വേഷമിടുന്നത്. അതോടൊപ്പം, അജയ് വാസുദേവ് ഒരുക്കുന്ന അടുത്ത സിനിമയായ നാലാം തൂണിലും നായകൻ ആസിഫ് അലിയാണ്.
Read More: വീണ്ടും തമിഴിൽ തിളങ്ങാൻ അപർണ, ഒപ്പം ലിജോമോളും; ‘തീതും നണ്ട്രും’ ട്രെയ്ലർ
അതേസമയം, നിവിൻ പോളി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് തുറമുഖം. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തിയേറ്ററുകൾ സജീവമാകുന്ന സാഹചര്യത്തിൽ തുറമുഖം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് പതിമൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Story highlights- mahaveeryar shooting started