‘സിനിമാക്കാരനായത് നന്നായി അല്ലായിരുന്നുവെങ്കില്‍…’: ജീത്തു ജോസഫിന് വേറിട്ട അഭിനന്ദനവുമായി മിഥുന് മാനുവല്‍
‘സിനിമാക്കാരന് ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ…’ ദൃശ്യം 2 മികച്ച സ്വീകാര്യത നേടുമ്പോള്‍ സംവിധായകന് ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ട് മിഥുന് മാനുവല്‍ തോമസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചതാണ് ഇങ്ങനെ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ദൃശ്യത്തിന്റെ തുടര്‍ഭാഗം ദൃശ്യം 2 ഹിറ്റായതോടെ അഭിനന്ദനപ്രവാഹമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു സംവിധായകനുമായ ജീത്തു ജോസഫിനും. ട്രോളുകളിലൂടെ പോലും സംവിധായകനെ പ്രശംസിയ്ക്കുന്നുണ്ട് സൈബര്‍ ഇടങ്ങളില്‍.
ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്, സായ്കുമാര്, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. അതേസമയം മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.
ഏറെ പരിചിതമായ കഥാപാശ്ചാത്തലത്തില്‍ നിന്നുകൊണ്ടുതന്നെ സസ്പെന്സിന്റെ ഒരു കൂമ്പാരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ്ക്കാന് ജീത്തു ജോസഫ് എന്ന സംവിധായകന് സാധിച്ചു. നട്ടെല്ലുള്ള തിരക്കഥയും ചിത്രത്തിന്റെ ആകര്‍ഷണമാണ്. തിരക്കഥയിലും സംവിധാനത്തിലും ജീത്തു ജോസഫ് പുറത്തെടുത്ത ബ്രില്യന്‍സ് വര്‍ണനകള്‍ക്ക് അതീതം.
മോഹന്‍ലാല്‍ നല്ല നടനാണ്. അതിനേക്കാളും നല്ല നടനായിരിയ്ക്കുകയാണ് ജോര്‍ജ്ജുകുട്ടി. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ജോര്ജ്ജുകുട്ടിയില് പ്രകടമായ പല മാറ്റങ്ങളും ഇന്നിന്റെ ഓര്മ്മപ്പെടുത്തലുകള്ക്കൂടിയാണ്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അദ്ദേഹം തന്റെ കൂര്മ്മബുദ്ധിയ്ക്കും മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. അതുതന്നെയാണ് ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ വിജയവും. ഇത്തവണ ജോര്ജ്ജുകുട്ടിക്ക് പിടി വീഴും എന്നുറപ്പിച്ചിരിയ്ക്കുമ്പോഴാണ് ആരും ചിന്തിക്കാത്ത തരത്തില്‍ അദ്ദേഹം വരുണ്‍ കേസിനെ വഴിതിരിച്ചുവിടുന്നത്. തിരക്കഥയുടെ കരുത്തും മോഹന്‍ലാലിന്റെ അഭിനയമികവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചതാകട്ടെ അതിഗംഭീരമായൊരു ദൃശ്യ മികവും.
Story highlights: Mithun Manuel with a special congratulations to Jeethu Joseph