‘ഒരു പിതാവെന്ന നിലയിൽ എനിക്ക് അഭിമാനകരമായ നിമിഷമാണ്’- വിസ്മയയ്ക്ക് പിന്തുണയുമായി മോഹൻലാൽ

February 12, 2021

സിനിമാതാരങ്ങളുടെ മക്കൾ പൊതുവെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തുന്നത് പതിവാണ്. അങ്ങനെയുള്ള ഒട്ടേറെ താരോദയങ്ങൾ മലയാള സിനിമയിലും ഉദാഹരണമായുണ്ട്. എന്നാൽ, മോഹൻലാലിൻറെ മകൻ പ്രണവ് അഭിനയത്തിലേക്ക് എത്തിയെങ്കിലും മകൾ വിസ്മയയുടെ പാത വ്യത്യസ്തമാണ്. മുൻപ് തന്നെ, ആയോധന കലകളും കായിക പരിശീലനവുമൊക്കെയായി ശ്രദ്ധനേടിയ വിസ്മയ, ഇപ്പോഴിതാ, എഴുത്തുകാരിയെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്. വിസ്മയ രചിച്ച പുസ്തകം പ്രണയദിനത്തിൽ എത്തുമെന്ന് അറിയിക്കുകയാണ് മോഹൻലാൽ.

‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒരു അച്ഛനെന്ന നിലയിൽ അഭിമാനം എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ പരിചയപ്പെട്ടത്. ‘ഫെബ്രുവരി 14 ന് എന്റെ മകളുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുസ്തകം പുറത്തിറങ്ങുന്നത് ഒരു പിതാവെന്ന നിലയിൽ എനിക്ക് അഭിമാനകരമായ നിമിഷമാണ്’- മോഹൻലാലിൻറെ വാക്കുകൾ. പെന്‍ഗ്വിന്‍ ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.

Read More: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രം- ‘ഗോഡ്സെ’യ്ക്ക് തുടക്കമായി

വിസ്മയയുടെ കവിതകളും ചിത്രങ്ങളും അടങ്ങുന്നതാണ് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’. അതേസമയം, തന്റെ വെയ്റ്റ് ലോസ്റ്റ് യാത്രയെ കുറിച്ച് വിസ്മയ അടുത്തിടെ പങ്കുവെച്ചിരുന്നു. ഫിറ്റ് കോഹ് തായ്‌‌ലൻഡിനോട് നന്ദി പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് 22 കിലോഭാരം കുറച്ച അനുഭവം വിസ്മയ പങ്കുവെച്ചത്. സഹോദരൻ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോഴും വിസ്‌മയ വെള്ളിത്തിരയിൽ നിന്നും അകന്നു നിന്നു. അതേസമയം, അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലൂടെ സിനിമാലോകത്തേക്ക് ചുവടുവയ്ക്കുകയാണ് വിസ്‌മയ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- mohanlal about vismaya