‘പാതിരാവില്‍ ആകാശത്തുവിരിഞ്ഞ പുഷ്പം പോലെ’…: നാസ പങ്കുവെച്ച ആ ചിത്രത്തിന് പിന്നില്‍
എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. മനുഷ്യന്റെ കാഴ്ചയ്ക്കും അറിവിനുമെല്ലാം അപ്പുറത്താണ് പല വിസ്മയങ്ങളും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചന്ദ്ര എക്സ് റേ ലബോറട്ടറി കഴിഞ്ഞ ദിവസം സൈബര്‍ ഇടങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമുണ്ട്.
ആദ്യ കാഴ്ചയില്‍ ആകാശത്ത് വിരിഞ്ഞു നില്ക്കുന്ന ഒരു റോസാപ്പൂവ് പോലെ തോന്നും ഈ ചിത്രം കണ്ടാല്‍. എന്നാല്‍ ഒരു നക്ഷത്ര സമൂഹത്തിന്റെ ചിത്രമാണ് ഇത്. ആകാശഗംഗ എന്ന നമ്മുടെ നക്ഷത്രസമൂഹത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു നക്ഷത്രസമൂഹമാണ് ചിത്രത്തില്‍. ചിത്രത്തിന്റെ വലതു വശത്തായി നീല നിറത്തില്‍ ഒരു പള്സാറും ദൃശ്യമാകുന്നുണ്ട്.
കൂടുതലായി കാന്തികരിക്കപ്പെട്ട ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സാര്‍ എന്ന് അറിയപ്പെടുന്നത്. ഇവ സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തില്‍ വൈദ്യുത കാന്തിക വികിരണം പ്രസരിപ്പിയ്ക്കുകയും ചെയ്യുന്നു. എസ്എക്സ്പി 1062 എന്ന പള്‍സാറാണ് നാസ പങ്കുവെച്ച ചിത്രത്തില്‍ ദൃശ്യമാകുന്നത്.
ഭുമിയില്‍ നിന്നു നോക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രമായാണ് പള്‍സാറുകളെ തോന്നുക. ഭ്രമണത്തിനിടയില്‍ ഇവയില്‍ നിന്നുണ്ടാകുന്ന വികിരണം ഭൂമിയ്ക്ക് നേരെ വരുമ്പോഴാണ് ഒരു നക്ഷത്രം കണക്കെ ഇവയെ നമുക്ക് ദൃശ്യമാകുന്നത്. വളരെയധികം സാന്ദ്രത കൂടിയവയാണ് പള്‍സാറുകള്‍.
Story highlights: NASA shares Pulsar image