ദേവ് മോഹൻ നായകനാകുന്ന ‘പുള്ളി’ ചിത്രീകരണം ആരംഭിച്ചു

സൂഫിയും സുജാതയും സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രമാണ് പുള്ളി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജിജു അശോകനാണ് പുള്ളി സംവിധാനം ചെയ്യുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ജിജു അശോകൻ. പുതുമുഖ താരമാണ് നായികയായി എത്തുന്നത്.
അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, കിഷോർ കുമാർ, വെട്ടുകിളി പ്രകാശ് എന്നിവർ ചിത്രത്തിൽ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥനാണ് ‘പുള്ളി’ നിർമ്മിക്കുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ ദേവ്, ജയസൂര്യയെ നായകനാക്കി നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായി വേഷമിട്ടാണ് ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു സൂഫി. അദിതി റാവുവാണ് ചിത്രത്തില്‍ നായികയായെത്തിയത്.
അതേസമയം സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലും ദേവ് മോഹന്‍ നായകനായി വേഷമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുരാണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖരനാണ് ചിത്രമൊരുക്കുന്നത്.
Story highlights- pulli movie