കോശിയാകാനുള്ള തയ്യാറെടുപ്പിൽ റാണ ദഗുബാട്ടി- വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് താരം

വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കുന്ന തിരക്കിലാണ് നടൻ റാണ ദഗുബാട്ടി. ബാഹുബലിയിലൂടെ റാണയുടെ താരമൂല്യം പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ഉയർന്നിരിക്കുകയാണ്. 2010ൽ അഭിനയലോകത്തേക്ക് എത്തിയ റാണ പത്തുവർഷം കൊണ്ട് നേടിയത് സിനിമയിലെ അടയാളപ്പെടുത്തപ്പെട്ട താരമെന്ന പദവിയാണ്. ഇപ്പോഴിതാ, മലയാള സിനിമയായ അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ വേഷമിടാനുള്ള ഒരുക്കത്തിലാണ് റാണ ദഗുബാട്ടി.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്റെ വേഷമാണ് റാണ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ശക്തനായ രാഷ്ട്രീയ പിൻബലവും സിനിമാ ബന്ധങ്ങളുമുള്ള കോശിയായിരുന്നു മലയാളത്തിലെങ്കിൽ തെലുങ്കിലേക്ക് എത്തുമ്പോൾ കോശി മെയ്ക്കരുത്തുള്ള എതിരാളിയാണ്. അതിനായുള്ള തയ്യാറെടുപ്പിലാണ് റാണ ഇപ്പോൾ. തയ്യറെടുപ്പിന്റെ ഭാഗമായുള്ള വർക്ക്ഔട്ട് വീഡിയോ താരം പങ്കുവെച്ചു. ‘ബിൽഡിംഗ് ബാക്ക് ബേസിക്സ്’ എന്ന ക്യാപ്ഷനൊപ്പമാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിലവിൽ, നക്സലൈറ്റ് കമാൻഡർ രാവണ്ണയുടെ വേഷത്തിൽ എത്തുന്ന ‘വിരാട പർവം’ എന്ന ചിത്രത്തിലാണ് റാണയുടെ അഭിനയിക്കുന്നത്. ചിത്രത്തിൽ സായ് പല്ലവി, നിവേത പെതുരാജ്, പ്രിയാമണി, നന്ദിതാ ദാസ്, നവീൻ ചന്ദ്ര, സറീന വഹാബ്, രാഹുൽ രാമകൃഷ്ണൻ, ഈശ്വരി റാവു തുടങ്ങിയ താരങ്ങൾ വേഷമിടുന്നു.
Read More: നൃത്തഭാവങ്ങളിൽ മുഴുകി വിനീത്- മനോഹര വീഡിയോ
‘ഹാതി മേരെ സാതി’ എന്ന ത്രിഭാഷാ ചിത്രമാണ് അടുത്തതായി റിലീസിന് തയ്യാറെടുക്കുന്നത്. ഇവയ്ക്കൊപ്പമാണ് അയ്യപ്പനും കോശിയും പുരോഗമിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സായ് പല്ലവിയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നതെന്ന് സൂചനയുണ്ട്.
Story highlights- rana dagubaati work out video