പ്രായം 4600 കോടി വര്‍ഷം; ഭൂമിയേക്കാള്‍ പഴക്കമുള്ള ഉല്‍ക്ക

March 13, 2021
4.6-billion-year-old meteorite

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. പല വിസ്മയങ്ങളും മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതം. ഭൂമിയേക്കാള്‍ പഴക്കമുള്ള ഒരു ഉല്‍ക്കാശിലയാണ് ശാസ്ത്രലോകത്ത് കൗതുകം നിറയ്ക്കുന്നത്. സഹാറ മരുഭൂമിയില്‍ നിന്നും 2020-ല്‍ കണ്ടെത്തിയതാണ് ഈ ഉല്‍ക്കാശില.

ശാസ്ത്രജ്ഞന്‍മാര്‍ അടുത്തിടെ ഉല്‍ക്കാശിലയുടെ പ്രായവും നിര്‍ണയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 4600 കോടി വര്‍ഷത്തെ പഴക്കമുണ്ട് ഉല്‍ക്കാശിലയ്ക്ക് എന്നാണ് നിര്‍ണയിച്ചിരിയ്ക്കുന്നത്. അതായത് ഭൂമിയേക്കാള്‍ പഴക്കം. ഇസി002 എന്നാണ് ഈ ഉല്‍ക്കാശിലയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര്.

ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ഉല്‍ക്കയും ഇസി 002 ആണ്. ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ ഉല്‍ക്കാശിലയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. സൗരയൂഥത്തിന്റെ രൂപീകരണ സമയത്ത് ഒരു പ്രോട്ടോ പ്ലാനെറ്റിന്റെ ഭാഗമായിരുന്നു ഈ ഉല്‍ക്ക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. (ഗ്രഹങ്ങള്‍ പൂര്‍ണമായും രൂപപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണ് പ്രോട്ടോ പ്ലാനറ്റ് എന്ന വാക്ക്).

Read more: പിങ്ക് നിറം; ഈ തടാകം ഭൂമിയിലെ അതിശയ കാഴ്ചകളിലൊന്ന്

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെ എര്‍ഗ് ചെച്ച് മേഖലയില്‍ നിന്നുമാണ് ഈ ഉല്‍ക്കാശില കണ്ടെത്തിയത്. ഏകദേശം 70 പൗണ്ടാണ് ഇതിന്റെ ഭാരം. പച്ചയും മഞ്ഞയും നിറത്തിലുള്ള ചെറിയ ക്രിസ്റ്റലുകളും ചേര്‍ക്കപ്പെട്ടിരുന്നു ഈ ഉല്‍ക്കാശിലയില്‍.

അതേസമയം ബഹിരാകശത്തുകൂടി സഞ്ചരിക്കുന്ന ചെറിയ ശിലകളെയാണ് ഉല്‍ക്ക എന്നു പറയുന്നത്. തീരെ ചെറിയ ഉല്‍ക്കകളെ ബഹിരാകാശധൂളീകണങ്ങള്‍ എന്നും വിശേഷിപ്പിയ്ക്കാറുണ്ട്. ഒരു വര്‍ഷം ഏകദേശം 15000 ടണ്ണിലേറെ ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

Story highlights: 4.6-billion-year-old meteorite