ഇതാണ് മണ്ണിന്റെ മനുഷ്യൻ; കൊടുംതണുപ്പിലും കൃഷിയിടത്തിൽ പണിയെടുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

March 2, 2021
48 year old Man’s Organic Self-Sustaining Farm Earns Him Lakhs

കൃഷി ഉപജീവനമാക്കിയ നിരവധിപ്പേരെ നമുക്ക് സുപരിചിതമാണ്… കൃഷിയിൽ നിന്നും നല്ല രീതിയിലുള്ള വരുമാനം ലഭിക്കാതെ പാതിവഴിയിൽ ജീവിതം വഴിമുട്ടിയ ആളുകളെയും നമുക്ക് പരിചിതമാണ്. എന്നാൽ ഇപ്പോഴിതാ മനുഷ്യന് താമസിക്കാൻ പോലും ബുന്ധിമുട്ടുള്ള ഇടത്തിൽ കൃഷി ചെയ്ത് മികച്ച വരുമാനം നേടിയ ഒരാളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഉർഗെയ്ൻ ഫണ്ട്സോഗ് എന്നയാളാണ് ജൈവകൃഷിയിലൂടെ മികച്ച വരുമാനം നേടി മാതൃകയാകുന്നത്‌. സമുദ്രത്തിൽ നിന്നും 14,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗ്യാ എന്ന ഗ്രാമത്തിലാണ് ഉർഗെയ്ൻ ഫണ്ട്സോഗ് കൃഷി ചെയ്യുന്നത്.

പന്ത്രണ്ടാമത്തെ വയസുമുതൽ കൃഷിയിടത്തിൽ ഇറങ്ങിയതാണ് ഉർഗെയ്ൻ ഫണ്ട്സോഗ്. അച്ഛന്റെ മരണശേഷം കുടുംബത്തെ പോറ്റാൻ അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിൽ ഇറങ്ങിത്തുടങ്ങുകയായിരുന്നു ആ കൊച്ചുബാലൻ. പിന്നീട് അമ്മയ്‌ക്കൊപ്പം കൃഷി നിലം ഉഴുതും വിതച്ചും വെള്ളം ശേഖരിച്ചും ജലസേചനം നടത്തിയുമെല്ലാം ഉർഗെയ്ൻ ഫണ്ട്സോഗ് കൃഷിയുടെ ഭാഗമായി. സ്വന്തമായി ഉണ്ടായിരുന്ന കൃഷിയിടത്തിൽ കടുക്, കടല, ബാർലി, ഉരുളക്കിഴങ്ങ് എന്നിവയായിരുന്നു ഉർഗെയ്ൻ ഫണ്ട്സോഗ് ആദ്യം കൃഷി ചെയ്‌തിരുന്നത്‌. അതിനൊപ്പം കുടുംബത്തിന്റെ പ്രധാന വരുമാന മാർഗമായ കന്നുകാലി വളർത്തലും ഉണ്ടായിരുന്നു.

Read also: തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…

കുടുംബത്തിന്റെ ഭാരം ഉർഗെയ്ൻ ഫണ്ട്സോഗിന്റെ ചുമലിൽ ആയതിനാൽ പഠിച്ച് നല്ല ജോലി നേടുക എന്ന സ്വപ്നം ഉർഗെയ്ൻ ഫണ്ട്സോഗിന് വിദൂരത്തായിരുന്നു. എന്നാൽ കൃഷിയുടെ എല്ലാ പാഠങ്ങളും നന്നായി മനസിലാക്കിയ ഉർഗെയ്ൻ ഫണ്ട്സോഗ് ഇപ്പോൾ മികച്ച വരുമാനമാണ് കൃഷിയിൽ നിന്നും നേടുന്നത്. ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനൊപ്പം കന്നുകാലി വളർത്തലും കൂൺ കൃഷിയുമെല്ലാം ഇതിന്റെ ഭാഗമായി ഉർഗെയ്ൻ ഫണ്ട്സോഗ് ചെയ്യുന്നുണ്ട്. മണ്ണിന്റെ മനുഷ്യൻ എന്നാണ് ഗ്രാമത്തിലുള്ളവർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ ജൈവകൃഷിയെക്കുറിച്ച് ക്ളാസുകളും ഇവർ നൽകാറുണ്ട്.

Story Highlights: 48 year old Man’s Organic Self-Sustaining Farm Earns Him Lakhs