ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ആന്തോളജി ചിത്രം ഒരുങ്ങുന്നു; ‘ആണും പെണ്ണും’ മാർച്ച് 26 മുതൽ പ്രേക്ഷകരിലേക്ക്, ശ്രദ്ധനേടി മോഷൻ പോസ്റ്റർ

March 15, 2021
aanum pennum motion poster

ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ആണും പെണ്ണും. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ അടങ്ങിയിട്ടുള്ള ആന്തോളജി ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തതുമുതൽ സിനിമാ പ്രേമികളിൽ ആവേശം ജനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം 26 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ആണും പെണ്ണും.

ആഷിഖ് അബു, വേണു, ജയ് കെ തുടങ്ങിയവരാണ് ചിത്രങ്ങൾ സംവിധാനം നിര്‍വഹിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, സംയുക്താ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

Read also:കൈയില്‍ വാക്‌സിനുമായി നില്‍ക്കുന്ന മുയല്‍; ഇത് മധുരത്തിനൊപ്പം പ്രതീക്ഷയും പകരുന്ന ചോക്ലേറ്റുകള്‍

റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജ്, സംയുക്താ മേനോൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ വേണു ഒരുക്കുന്ന ചിത്രത്തിൽ പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നു. സി.കെ പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മാണം.

Story Highlights: aanum pennum motion poster