വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കാര്യങ്ങള്‍ പോലും കൃത്യമായി ഓര്‍ത്തെടുക്കുന്ന കലണ്ടര്‍ മനുഷ്യന്
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ മിക്കവരും പറയും ‘അയ്യോ അതൊക്കെ ഞാന്‍ മറന്നുപോയല്ലോ’ എന്ന്. ശരിയാണ്, ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ പലപ്പോഴും നാം മറന്നുകളയാറുണ്ട്. എന്നാല്‍ ഒര്‍ലാന്‍ഡോ എല്‍ സെറല്‍ എന്ന വ്യക്തി അങ്ങനെയല്ല. ഒരു പക്ഷെ പത്ത് വയസ്സിന് ശേഷം ‘ഞാനത് മറന്നുപോയല്ലോ എന്ന് ഒര്‍ലാന്‍ഡോയ്ക്ക് പറയേണ്ടി വന്നിട്ടുണ്ടാകില്ല. അത്രയ്ക്ക് ഓര്‍മ്മയാണ് അദ്ദേഹത്തിന്. ആ ഓര്‍മ്മ കൊണ്ടാണ് അദ്ദേഹം കലണ്ടര്‍ മനുഷ്യന് എന്ന് അറിയപ്പെടുന്നതും.
എന്നാല്‍ ഒരു അപകടംമൂലമാണ് ഈ ഓര്‍മശക്തി ഒര്‍ലാന്‍ഡോയ്ക്ക് ലഭിച്ചത്. കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നുമ്പോഴും സത്യം അതാണ്. acquired savant syndrome എന്നാണ് ഇങ്ങനെയുള്ള അവസ്ഥയ്ക്ക് പറയുന്ന പേര്. ഏതെങ്കിലും ഒരു അപകടം ഒരാള്‍ക്ക് ഏതെങ്കിലും ഒരു കാര്യത്തില്‍ പ്രത്യേക കഴിവ് നല്‍കുന്നതാണ് ഈ അവസ്ഥ.
ചെറുപ്പത്തില്‍ സാധാരണ കുട്ടികളേപ്പോലെ തന്നെയായിരുന്നു ഒര്‍ലാന്‍ഡോയും. ഒരു കാര്യത്തിലും പ്രത്യേക മികവ് പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ബേസ്ബോള്‍ പോലെയുള്ള കായിക വിനോദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു ബേസ്ബോള്‍ ഗെയിമിനിടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നതും.
1979-ലായിരുന്നു സംഭവം. അന്ന് പത്ത് വയസ്സായിരുന്നു ഒര്‍ലാന്‍ഡോയുടെ പ്രായം. അന്ന് കൂട്ടുകാര്‍ക്കൊപ്പം ബേസ്ബോള്‍ ഗെയിമില്‍ ഏര്പ്പെട്ടിരിയ്ക്കുകയായിരുന്നു ഒര്‍ലാന്‍ഡോ എല്‍ സെറല്‍. എന്നാല്‍ കളിക്കിടെ അപ്രതീക്ഷിതമായി ബേസ്ബോള്‍ അദ്ദേഹത്തിന്റെ തലയുടെ ഇടത്തു ഭാഗത്ത് കൊണ്ടു. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തില്‍ കുഞ്ഞു ഒര്‍ലാന്‍ഡോ നിലത്തു വീണു. എന്നാല്‍ കുറച്ച് കഴിഞ്ഞ് എണീറ്റ് ഒര്‍ലാന്‍ഡോ വീണ്ടും ഗെയിം തുടര്‍ന്നു.
വീട്ടുകാര്‍ അറിഞ്ഞാല്‍ വഴക്ക് പറയുമോ എന്ന് ഭയന്ന് ഈ അപകടത്തെക്കുറിച്ച് ഒര്‍ലാന്‍ഡോ ഒരോടും ഒന്നും പറഞ്ഞില്ല. ചെറിയ ഒരു തലവേദന മാത്രം കുറച്ച് ദിവസം അദ്ദേഹത്തെ അലട്ടി. വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വേദന മാറുകയും ചെയ്തു. ആ അപകടത്തിന് ശേഷം നടന്ന എല്ലാ കാര്യങ്ങളും ഒര്‍ലാന്‍ഡോ ഇന്നും ഓര്‍ത്തിരിക്കുന്നു.
അസാധാരണമായ ഓര്‍മ്മ ശക്തിയും ബുദ്ധിശക്തിയും കൊണ്ടാണ് ഒര്‍ലാന്‍ഡോ ലോകത്ത് അറിയപ്പെടുന്നത്. കലണ്ടര്‍ മനുഷ്യന് എന്നതുപോലെ കലണ്ടര്‍ ബ്രെയിന്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം നടന്ന എന്ത് കാര്യത്തെക്കുറിച്ച് ചോദിച്ചാലും ഒര്‍ലാന്‍ഡോ അത് ഓര്‍ത്തെടുത്ത് ഉത്തരം മല്കും. എന്തിനേറെ പത്ത് വര്‍ഷം മുമ്പ് ഇതേദിവസം ധരിച്ച വസ്ത്രത്തിന്റെ നിറം പോലും ഓര്‍മ്മയുണ്ട് അദ്ദേഹത്തിന്.
Story highlights: Acquired savant Orlando Serrell