ജല്ലിക്കെട്ട് കാളകൾക്കൊപ്പം അപ്പാനി ശരത്; ശ്രദ്ധനേടി സാഹസീക പരിശീലന ചിത്രങ്ങൾ

Appani sarath jellikettu practice images

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ജെല്ലിക്കെട്ടിന് ശേഷം, ജെല്ലിക്കെട്ട് പ്രമേയത്തിൽ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ പരിശീലന ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. യഥാർത്ഥ ജല്ലിക്കെട്ട് കാളകൾക്കൊപ്പം സാഹസികമായ പരിശീലനം നടത്തുന്ന അപ്പാനി ശരതിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.

തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങൾ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മനുഷ്യരുമായി എളുപ്പത്തിൽ ഇണങ്ങാത്ത കാങ്കേയം ഇനത്തിൽപെട്ട കാളകളെയാണ് ജല്ലിക്കെട്ടിനായി ഉപയോഗിക്കുന്നത്. തങ്ങളുമായി അടുത്തിഴപഴകുന്നവരുടെ ഗന്ധവും ചലനവും കാളയ്ക്ക് സുപരിചിതമല്ലെങ്കിൽ ഇവ അക്രമാസക്തരാകും. അതുകൊണ്ടുതന്നെ ചിത്രത്തിൽ പ്രവർത്തിക്കുന്നവർ മുഴുവൻ കാളകളുമൊത്ത് പരിശീലനം നേടേണ്ടതും നിർബന്ധമാണ്.

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ജയറാം ശിവറാമാണ്. കഥയും സംഭാഷണവും നിർവഹിക്കുന്നതും ജയറാം തന്നെയാണ്. റിച്ച് മൾട്ടി മീഡിയയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Read also:നീല വിരിച്ച പ്രകൃതി സ്നേഹികളുടെ സ്വർഗം; സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടത്തിന് പിന്നിൽ…

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ നിരവധി ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് അപ്പാനി ശരത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിക്കുന്ന താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മിയാ കുൽപ്പ, ബെർണാഡ്, ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം, ചാരം തുടങ്ങിയ ചിത്രങ്ങളിലും ശരത് വേഷമിടുന്നുണ്ട്.

Story Highlights; Appani sarath jellikettu practice images