മനുഷ്യനേക്കാൾ അധികമായി എരുമ, കൗതുകമായി എരുമ പട്രോളിങ്ങും, അറിയാം മരാജോ ദ്വീപിനെക്കുറിച്ച്…
രസകരമായ നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞതാണ് നമ്മുടെ നാട്. ലോകത്തിന്റെ വിവിധ ഇടങ്ങളിലും വ്യത്യസ്തമാണ് അവിടുത്തെ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ. അത്തരത്തിൽ ഏറെ കൗതുകങ്ങൾ നിറഞ്ഞ ഇടമാണ് ബ്രസീലിലെ മരാജോ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിൽ ഒന്നാണ് മരാജോ ദ്വീപ്. നിരവധി പ്രത്യേകതകളുള്ള ഒരിടം കൂടിയാണ് ഈ ദ്വീപ്. 250,000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എന്നാൽ ജനങ്ങളെക്കാൾ കൂടുതലായി എരുമകൾ ഉള്ള ഒരിടമാണ് മരാജോ ദ്വീപ്. നാലര ലക്ഷത്തോളമാണ് ഇവിടുത്തെ എരുമകളുടെ എണ്ണം.
ഈ പ്രദേശത്തിന്റെ പ്രത്യേകത തന്നെയാണ് ഇവിടെ ഇത്രയധികം എരുമകൾ ഉണ്ടാകാൻ കാരണവും. ധാരാളം ചതുപ്പുകളും കുളങ്ങളും ഉള്ള ഇടമാണ് ഈ ദ്വീപ്. അതിനാൽ ഇതിലൂടെ വാഹനങ്ങൾ ഓടിക്കുക വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ വാഹനങ്ങൾക്ക് പകരമായി എരുമകളെയും കുതിരകളെയുമൊക്കെയാണ് ഇവിടുത്തുകാർ ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. മഴക്കാലത്ത് വെള്ളപൊക്കം ഉണ്ടാകുമ്പോൾ കുതിരകളിൽ യാത്ര ചെയ്യുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ ഏറ്റവും എളുപ്പത്തിൽ യാത്ര ചെയ്യുന്നതിനായാണ് ഇവിടുത്തുകാർ എരുമകളെ ഉപയോഗിക്കുന്നത്.
Read also:കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ
ഏകദേശം 29 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ എരുമകളെ വാഹനങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങിയത്. എരുമ പട്രോളിംഗ് എന്ന ആശയം ഇവിടെ പ്രാവർത്തികമാക്കിയത് ഇവിടുത്തെ പൊലീസുകാരാണ്. പിന്നീട് പൊലീസുകാരുടെ സ്ഥിരം വാഹനമായി എരുമ മാറുകയായിരുന്നു. ഇന്നും തെരുവോരങ്ങളിലൂടെ എരുമയുടെ പുറത്ത് യാത്ര ചെയ്യുന്ന പൊലീസുകാർ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനൊക്ക പുറമെ ഭക്ഷണത്തിനായും ഇവിടുത്തുകാർ എരുമകളെ ഉപയോഗിക്കാറുണ്ട്. ഇവിടുത്തെ വിപണികളിൽ എരുമ പാൽ, എരുമ ഐസ്ക്രീം, എരുമ മാംസം തുടങ്ങിയവും സുലഭമായി ലഭ്യമാണ്.
Story Highlights:buffalo soldiers patrol the streets of Brazilian island