വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾ; അസാധാരണമായ കാഴ്ചകൾ ഒരുക്കിയ ഒരിടം…

March 15, 2021
cameron residential air park

‘ഓരോ വീട്ടിലും ഓരോ വിമാനം’ കേൾക്കുമ്പോൾ അല്പം അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. കാലിഫോർണിയയിലെ കാമറൂൺ പാർക്കിലെത്തിയാൽ ഈ അസാധാരണമായ കാഴ്ചകൾ ആസ്വദിക്കാം. നമ്മുടെ നാടുകളിൽ വീട്ടുമുറ്റത്ത് കാറുകൾ നിർത്തിയിട്ടിരിക്കുന്നതുപോലെ ഇവിടെ ഓരോ വീടുകൾക്ക് മുന്നിലും ഓരോ വിമാനങ്ങൾ കാണാം. ഇവിടെയുള്ള പൈലറ്റുമാർക്കും വ്യോമയാന ഉദ്യോഗസ്ഥർക്കുമൊക്കെ വേണ്ടിയുള്ള ഒരു ഫ്ലൈ ഇൻ കമ്യൂണിറ്റിയാണ് ഇത്.

കാറുകളും ടു വീലറുമൊക്കെ പോലെതന്നെ വീടിൻറെ മുറ്റത്താണ് ഇവിടെ വിമാനങ്ങളും സൂക്ഷിക്കുന്നത്. കാമറൂൺ വിമാനത്താവളത്തിനൊപ്പം തന്നെ പണികഴിപ്പിച്ചതാണ് ഈ എയർപാർക്കും. ഇവിടെയുള്ള പൈലറ്റുമാർ അവരുടെ വിമാനങ്ങളിലാണ് വീട്ടിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ റോഡുകളും അതിനനുസരിച്ച് വളരെ വലുതാണ്. ഏകദേശം 100 അടിയോളം വീതിയുള്ള റോഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ സ്വന്തമായി വിമാനങ്ങൾ ഉള്ളവർക്കൊക്കെ വിമാനത്താവളത്തിലേക്കുള്ള ഗേറ്റുകളും മറ്റും ആവശ്യാനുസരണം തുറക്കുന്നതിനായി സ്വന്തമായി റിമോട്ടുകളും നൽകിയിട്ടുണ്ട്. അതിനാൽ ഇഷ്ടാനുസരണം ഇവർക്ക് വിമാനം ഉപയോഗിക്കാം.

Read also:ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ആന്തോളജി ചിത്രം ഒരുങ്ങുന്നു; ‘ആണും പെണ്ണും’ മാർച്ച് 26 മുതൽ പ്രേക്ഷകരിലേക്ക്, ശ്രദ്ധനേടി മോഷൻ പോസ്റ്റർ

അതേസമയം രണ്ടാലോക മഹായുദ്ധത്തിന് ശേഷം നിരവധി എയർഫീൽഡുകൾ ഉപയോഗശൂന്യമായി തീർന്നിരുന്നു. അതുകൊണ്ടുതന്നെ വിരമിച്ച ശേഷം പൈലറ്റുമാരെ താമസിപ്പിക്കുന്നതിനായി രാജ്യത്ത് നിരവധി ഇടങ്ങളിൽ റെസിഡൻഷ്യൽ എയർപാർക്കുകൾ നിർമ്മിക്കാൻ അധികൃതർ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് ഫ്ലൈ ഇൻ കമ്യൂണിറ്റികളും ഉയർന്നുവന്നത്. ലോകത്ത് നിരവധി ഇടങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ എയർപാർക്കുകൾ ഉണ്ട്. എന്നാൽ ഏറ്റവും മികച്ച എയർപാർക്കുകളിൽ ഒന്നാണ് കാമറൂൺ എയർപാർക്ക്.

Story Highlights:cameron residential air park where people own planes