‘ഏറ്റവും ഇതിഹാസമായ ട്രാക്ക്’- ‘എൻ‌ജോയ് എൻ‌ജാമി’ക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാൻ

തമിഴ് പിന്നണി ഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളായ ധീ, റാപ്പർ തിരുക്കുറൽ അറിവ് എന്നിവർ ആലപിച്ച എൻ‌ജോയ് എൻ‌ജാമി എന്ന ഗാനം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഇഷ്ടം നേടുകയാണ്. ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണവും അർത്ഥപൂർണ്ണമായ വരികളുമായി ‘എൻ‌ജോയ് എൻ‌ജാമി’ ഹിറ്റാകുമ്പോൾ മലയാളത്തിൽ നിന്നും പാട്ടിന് ആരാധകർ ഏറുകയാണ്. അന്ന ബെൻ, പാർവതി, റിമ കല്ലിങ്കൽ എന്നിവർക്ക് പിന്നാലെ എൻ‌ജോയ് എൻ‌ജാമിയുടെ മാജിക്കിൽ അലിഞ്ഞതായി കുറിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.

പാട്ടിനെയും വീഡിയോയെയും പ്രശംസിച്ചുകൊണ്ട് താരം കുറിക്കുന്നു- ‘ഏറ്റവും ഇതിഹാസമായ ട്രാക്കും അതുപോലെ തന്നെ ആകർഷകമായ വീഡിയോയും! കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി കേൾക്കുകയും ഓരോ തവണയും പുതിയ ശബ്ദങ്ങളും അനുഭവങ്ങളും കണ്ടെത്തുകയുമാണ്!! സന്തോഷ് നാരായണൻ സർ, ധീ എന്നിവർക്ക് ആശംസകൾ; ധീയുടെ ശബ്‌ദം, ശൈലി, മനോഭാവം എന്നിവ വളരെ രസകരമാണ്. എന്തൊരു റോക്ക്സ്റ്റാർ’. റൗഡി ബേബി എന്ന ഗാനത്തിലൂടെ ഹിറ്റായ ഗായികയാണ് ധീ.

Read More: എം എൽ എ നിലമേൽ രാജനായി സുരേഷ് കൃഷ്ണയുടെ ഗംഭീര മേക്കോവർ; ശ്രദ്ധനേടി ‘വൺ’ കാരക്ടർ പോസ്റ്റർ

ഭൂമിയെക്കുറിച്ച് ഒരു സാമൂഹിക-രാഷ്ട്രീയ സന്ദേശം പങ്കുവയ്ക്കുകയാണ് ‘എൻ‌ജോയ് എൻ‌ജാമി’. ഈ പാട്ടിലൂടെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ ആ സന്ദേശം കൈമാറുന്നു എന്ന് പങ്കുവയ്ക്കുകയാണ്. എ ആർ റഹ്മാന്റെ മാജ ലേബൽ എന്ന യൂട്യൂബ് ചാനലിലൂടെ ഒരാഴ്ച മുമ്പ് പുറത്തിറക്കിയ എൻ‌ജോയ് എൻ‌ജാമി ഇതിനകം 27 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. സന്തോഷ് നാരായണനാണ് ഈണം പകർന്നിരിക്കുന്നത്.

Story highlights- Dulquer Salmaan on Enjoy Enjaami