ചെറുപ്പം മുതൽ കണ്ടുവളർന്നത് വെള്ളപ്പൊക്കവും ചുഴലിക്കാറ്റും; പ്രകൃതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച യുവ എഞ്ചിനീയർ…

March 4, 2021
amresh

ഒഡീഷയിലെ ബിസ്വാലി ഗ്രാമത്തിലാണ് അംരേഷ് സാമന്ത് ജനിച്ചുവളർന്നത്. ചെറുപ്പം മുതൽ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചാണ് അംരേഷിന്റെ കുടുംബം ജീവിച്ചത്. പ്രകൃതിയിൽ ഉണ്ടാകുന്ന ദുരന്തങ്ങളും പരിസ്ഥിതിയിൽ ഉണ്ടാകുന്ന മലിനീകരണവുമൊക്കെ ചെറുപ്പം മുതലേ അംരേഷിനെ അലട്ടിയിരുന്നു. അതിനാൽ തന്നെ പ്രകൃതിയെ സംരക്ഷിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത അംരേഷിന് ഉണ്ടായിരുന്നു.

സ്കൂൾ പഠനത്തിന് ശേഷം ഇലക്ട്രിക് എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച അംരേഷ് തനിക്ക് ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ ചുറ്റുമുള്ള പ്രദേശത്ത് ചെടികൾ നട്ടുവളർത്താൻ തുടങ്ങി. ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി ചെടികളും മരങ്ങളും നട്ടുതുടങ്ങിയ അദ്ദേഹം 20 ഓളം കുട്ടിവനങ്ങൾ ഒരുക്കി. ആദ്യമൊക്കെ അംരേഷിന്റെ പ്രവർത്തിയെ എതിർത്തിരുന്ന നാട്ടുകാരും സുഹൃത്തുക്കളും പിന്നീട് അദ്ദേഹത്തിനൊപ്പം ചേർന്ന് മരങ്ങൾ നട്ടുവളർത്താൻ തുടങ്ങി.

Read also:കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…

പൊതുഇടങ്ങളിലും പാതയോരങ്ങളിലുമെല്ലാം അംരേഷും സുഹൃത്തുക്കളും ചേർന്ന് മരങ്ങൾ നട്ടു. എന്നാൽ പലപ്പോഴും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും അവയെ നശിപ്പിച്ചു. എങ്കിലും പ്രകൃതിയെ സംരക്ഷിക്കാനായി ഇറങ്ങിത്തിരിച്ച അംരേഷ് തന്റെ പ്രവർത്തികൾ തുടർന്നുകൊണ്ടേയിരുന്നു. 2015 ലാണ് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും മറ്റും ചെറിയ വനങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ റൂറൽ ഫോറസ്റ്റ് ആരംഭിച്ചത്. ഈ പ്രവർത്തിയെ എതിർത്തുകൊണ്ട് രംഗത്തുവന്ന ആളുകൾക്കായി പ്രത്യേകം ബോധവത്‌കരണവും അംരേഷ് നടത്തി. അങ്ങനെ സന്നദ്ധപ്രവർത്തകർക്കൊപ്പം ചേർന്ന് അഞ്ഞൂറോളം മരങ്ങൾ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നട്ടുപിടിപ്പിച്ചു. ഇതിനോടകം അംരേഷും സുഹൃത്തുക്കളും ചേർന്ന് ഇരുപതോളം ഗ്രാമങ്ങളിലായി ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുപിടിപ്പിച്ചുകഴിഞ്ഞു.

Story Highlights: engineer Creates 20 Mini Forests in Odisha Villages, Plants 1 Lakh Trees