കാലുകൾ രണ്ടും നഷ്ടപ്പെട്ടു; ജീവിതം തിരിച്ചുപിടിച്ചത് മനസാന്നിധ്യംകൊണ്ട്, മാതൃകയായി ഒരു പെൺകുട്ടി

March 1, 2021
Girl named Arppitha does Headstand with Amputated Legs

ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടത്തെ ആത്മവിശ്വാസംകൊണ്ടും മനക്കരുത്തുകൊണ്ടും നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ് ഒരു പെൺകുട്ടി.. അപകടത്തിൽ കാലുകൾ രണ്ടും നഷ്ടപ്പെട്ടിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുകയാണ് അർപ്പിത റോയ്.. 2006 ലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അർപ്പിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദുരന്തം വന്നുചേരുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അർപ്പിതയുടെ വാഹനം ഒരു അപകടത്തിൽപെടുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ അർപ്പിതയുടെ കാലുകളിലൂടെ ഒരു ലോറി കയറിയിറങ്ങി. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർപ്പിതയുടെ രണ്ടു കാലുകളും മുറിച്ചുമാറ്റി. പിന്നീടുള്ള അർപ്പിതയുടെ ജീവിതം ആശുപത്രിക്കിടക്കയിലും വീട്ടിലെ മുറിക്കുള്ളിലും മാത്രമായി ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാൽ ആദ്യത്തെ നാലു മാസക്കാലത്തിന് ശേഷം തനിക്ക് തിരികെ കിട്ടിയ ജീവിതത്തെ ആഘോഷമാക്കാൻ ഒരുങ്ങുകയായിരുന്നു അർപ്പിത.

മുറിച്ചുമാറ്റപെട്ട കാലിന്റെ ഭാഗത്ത് കൃത്രിമക്കാലുകൾ വെച്ചുപിടിപ്പിച്ച അർപ്പിത ആ കാലുകളിൽ നടക്കാനും ആ കാലുകൾ ഉപയോഗിച്ച് പലതരം വർക്ക്ഔട്ടുകൾ ചെയ്യാനും തുടങ്ങി. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ അവളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കൃത്രിമക്കാലുകളിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അവളെ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അവൾ തോൽക്കാൻ തയാറായിരുന്നില്ല. പലതരത്തിലുള്ള വർക്ക് ഔട്ടുകളും യോഗയും അവൾ പരീക്ഷിച്ചു.

Read also:കെജിഎഫിന് ശേഷം ‘സലാർ’; പ്രഭാസ് നായകനാകുന്ന പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

യോഗചെയ്യുന്നത് ശാരീരിക ക്ഷമതയ്ക്കൊപ്പം മാനസീകമായും സഹായിക്കുമെന്നാണ് അർപ്പിത പറയുന്നത്. യോഗ ചെയ്യുന്ന വീഡിയോകൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ മികച്ച സ്വീകാര്യതയും അർപ്പിതയ്ക്ക് ലഭിച്ചുതുടങ്ങി. ഇതോടെ നിരവധിപ്പേരാണ് അർപ്പിതയെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

Story Highlights:Girl named Arppitha does Headstand with Amputated Legs