കാണാൻ ചെറുതെങ്കിലും ആരോഗ്യഗുണങ്ങളാൽ സമ്പന്നം നെല്ലിക്ക

March 11, 2021
gooseberry

കാണാന്‍ ചെറുതാണെങ്കിലും ദാഹത്തിനും ദേഹത്തിനും ഒരുപോലെ നല്ലതാണ് നെല്ലിക്ക. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളമുണ്ട്. ഇവയെല്ലാം ഏറെ ആരോഗ്യകരമാണ്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മ കാന്തിയേകാന്‍ സഹായിക്കുന്നു. സ്വാഭാവിക നിറം നിലനിര്‍ത്താനും നെല്ലിക്ക നീര് ഗുണം ചെയ്യും. വെയിലേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന കരിവാളിപ്പിന് ഉത്തമമായ പരിഹാരമാണ് നെല്ലിക്ക.

ദിവസേന ഒരു ഗ്ലാസ് നെല്ലിക്കാ ജ്യൂസ് പതിവാക്കുന്നത് ആഗോഗ്യത്തിന് നല്ലതാണ്. കൊടും ചൂടില്‍ ക്ഷീണം അകറ്റാന്‍ അത്യുത്തമമാണ് നെല്ലിക്ക ജ്യൂസ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായകമാണ്. നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്.

Read also:പോപ്കോൺ വിതറിയ കടൽത്തീരം; അത്ഭുത കാഴ്ചകൾ ആസ്വദിച്ച് സഞ്ചാരികൾ

നെല്ലിക്കയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. നെല്ലിക്ക നീര് മുഖത്ത് തേക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ദിവസേന ഒരു നെല്ലിക്ക വീതം കഴിക്കുന്നത് ഏറെ ഗുണകരമാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നെല്ലിക്കയെക്കുറിച്ച് പറയുന്നത് വെറുതെയല്ല.

Story Highlights: Gooseberry and health tips