വാഹനാപകടത്തെ തുടര്‍ന്ന് അമ്മയും പ്രിയപ്പെട്ടവരും ആശുപത്രിയില്‍; രക്ഷപ്പെട്ട കുരുന്നിന് സംരക്ഷണത്തിന്റെ താരാട്ടൊരുക്കി ഹോംഗാര്‍ഡ്: വിഡിയോ
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വിഡിയോകള്‍ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കാറുണ്ട്. കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോയും ഇത്തരത്തില്‍ ഏറെ ഹൃദ്യമായ ഒന്നാണ്. മനോഹരമായ ഒരു സ്നേഹത്താരട്ടിന്റെ വിഡിയോയാണ് ഇത്.
‘വെള്ളിനിലാ നാട്ടിലെ പൗര്‍ണമി തന് വീട്ടിലെ…’ എന്ന സുന്ദരഗാനത്തിന്റെ അകമ്പടിയിലാണ് വിഡിയോ ഒരുക്കിയിരിയ്ക്കുന്നത്. കാഴ്ചയില്‍ ഒരു ചെറിയ കുഞ്ഞ് അച്ഛന്റെ തോളില്‍ ചേര്ന്നുറങ്ങുന്നതായി തോന്നും. പക്ഷെ കഥ അങ്ങനെയല്ല. വാഹനാപകടത്തെ തുടര്‍ന്ന് അമ്മയും അച്ഛനും പ്രിയപ്പെട്ടവരും ആശുപത്രിയിലായപ്പോള്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കള്‍ വരുന്നതുവരെ ഏറ്റെടുത്ത ഹോംഗാര്ഡിന്റേതാണ് ഈ വിഡിയോ.
കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോംഗാര്‍ഡ് കെ എസ് സുരേഷാണ് വിഡിയോയിലെ താരം. കായംകുളത്ത് ദേശീയപാതയില്‍ കരീലക്കുളങ്ങരയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടരയ്ക്ക് രാമപുരത്തു നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിയ്ക്കുകയായിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറയ്ക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസും കുടുംബവുമായിരുന്നു വാഹനത്തില്‍. ഡെന്നി വര്‍ഗീസിന്റെ മകള്‍ ഇസ മരിയ ഡെന്നി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇസയെയാണ് ഹോംഗാര്‍ഡ് കെ എസ് സുരേഷ് സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയത്.
എന്നാല്‍ ഇസയുടെ സഹോദരി സൈറ അപകടത്തില്‍ മരണപ്പെട്ടു. ഡെന്നി വര്‍ഗീസ്, ഭാര്യ മിന്ന മറ്റ് ചില ബന്ധുക്കള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരിക്കയൊണ് കുഞ്ഞ് ഇസയുടെ സംരക്ഷണം ഹോംഗാര്‍ഡ് ഏറ്റെടുത്തത്. രാവിലെ ആറുമണിക്ക് ബന്ധുക്കള്‍ എത്തുന്നതുവരെ സുരേഷ് കുഞ്ഞിന് സംരക്ഷണമൊരുക്കി, സ്നേഹത്തോടെ കരുതല്‍ നല്കി. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ് അപൂര്‍വമായ ഈ സ്നേഹക്കാഴ്ച.
Story highlights: Home Guard caring kid viral video