ബിജിബാലിനൊപ്പം ചേർന്ന് പാടി രമ്യ നമ്പീശൻ; മനോഹരം ഈ ഗാനം

Kadha Padu Anum Pennum song

ആസ്വാദക ഹൃദയങ്ങൾ തൊട്ടുതലോടുകയാണ് ആണും പെണ്ണും എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം. ‘കഥ പാട്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാലും രമ്യ നമ്പീശനും ചേർന്നാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിജിബാൽ തന്നെയാണ്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആലാപനത്തിലെ മാധുര്യം തന്നെയാണ് ഈ ഗാനത്തെ ഇത്രമേൽ സ്വീകാര്യമാക്കുന്നതും.

അതേസമയം ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് ആണും പെണ്ണും. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒരുങ്ങിയ ആന്തോളജി ചിത്രമാണിത്. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ അടങ്ങിയിട്ടുള്ള ആന്തോളജി ചിത്രം ആഷിഖ് അബു, വേണു, ജയ് കെ തുടങ്ങിയവരാണ് സംവിധാനം നിര്‍വഹിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, സംയുക്താ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

Read also:ചികിത്സയ്ക്കായി മൃഗാശുപത്രിയിലേക്ക് തനിയെ വന്ന് തെരുവുനായ; കണ്ടെത്തിയത് ഗുരുതരമായ രോഗവും

റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജ്, സംയുക്താ മേനോൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നതാണ് മറ്റൊരു ചിത്രം. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ വേണു ഒരുക്കുന്ന ചിത്രത്തിൽ പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

Story Highlights:Kadha Padu Anum Pennum song