അച്ഛനെ സന്ദര്‍ശിക്കാന്‍ ലൊക്കേഷനിലെത്തിയ അവധിക്കാലങ്ങള്‍, ആ നിമിഷങ്ങളില്‍ ഹൃദയത്തില്‍ ചേക്കേറിയ സിനിമയെന്ന സ്വപ്നം: ചലച്ചിത്രമേഖലയിലേയ്ക്കുള്ള വരവിനെക്കുറിച്ച് കല്യാണി പ്രിയദര്ശന്
കല്യാണി പ്രിയദര്ശന് എന്ന പേര് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് അപരിചിതമല്ല. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ എന്ന നിലയിലും അഭിനയമികവിലും പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട് താരം. എന്നാല്‍ എന്തുകൊണ്ടാണ് കല്യാണി പ്രിയദര്‍ശനും സിനിമാ മേഖല തെരഞ്ഞെടുത്തത് എന്ന ചോദ്യം പലരിലുമുണ്ട്. ഇപ്പോഴിതാ ഇതിന് ഉത്തരം നല്‍കിയിരിയ്ക്കുകയാണ് താരം.
പുതിയ ചിത്രമായ ഹൃദയത്തിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് സിനിമയിലെക്കുള്ള വരവിനെക്കുറിച്ചും കല്യാണി പ്രിയദര്ശന് പറഞ്ഞത്. ‘ഹൃദയത്തിലെ എന്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇന്നലെ പൂര്‍ത്തിയായി. എന്തുകൊണ്ടാണ് ഞാന്‍ സിനിമയുടെ ഭാഗമായത് എന്ന് ചോദിച്ചാല്‍ അത് സിനിമയുടെ ഗ്ലാമറസ്സായ ലോകം കണ്ടിട്ടല്ല. കുട്ടിക്കാലത്ത് ലൊക്കേഷനുകളില്‍ അച്ഛനെ സന്ദര്‍ശിക്കാനുള്ളതായിരുന്നു എന്റെ അവധിക്കാലങ്ങളില്‍ ഏറെയും.’ കല്യാണി പ്രിയദര്ശന് കുറിച്ചു.
‘സന്തോഷമുഖമില്ലാത്ത ആരേയും ലൊക്കേഷനുകളില്‍ ഞാന്‍ കണ്ടിട്ടില്ല. അച്ഛനെപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. ഏറ്റവും സന്തുഷ്ടരായ മനുഷ്യരെപ്പോലെയായിരുന്നു അവരെല്ലാവരും. ആ നിമിഷങ്ങളിലാണ് സിനിമ എന്ന സ്വപ്നം എന്നില്‍ രൂപപ്പെട്ടത്’ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ കല്യാണി പറയുന്നു.
അതേസമയം വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിയ്ക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മെറിലാന്റ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Kalyani Priyadarshan about her film entry