പാഞ്ചാലിയായി കഥകളിയരങ്ങില്‍ അമ്മ; കൗതുകത്തോടെ ആസ്വദിച്ച് കാണികളില്‍ ഒരാളായി മഞ്ജു വാര്യര്‍: ഇതാണ് ആ മനോഹര നിമിഷം- വിഡിയോ
നിറഞ്ഞ മനസ്സോടും ഒരു ചെറു പുഞ്ചിരിയോടുംകൂടി മഞ്ജു വാര്യര്‍ ആ കഥകളി കണ്ടാസ്വദിച്ചു. കഥകളിയരങ്ങില്‍ തകര്ത്താടിയതാകട്ടെ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്. കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയുടെ വേഷമാണ് ഗിരിജ തകര്‍ത്താടിയത്. അമ്മ അരങ്ങില്‍ കഥകളിയുടെ അരങ്ങേറ്റത്തില്‍ വിസ്മയിപ്പിച്ചപ്പോള് മകള്‍ കാണികള്‍ക്കൊപ്പമിരുന്ന് ആസ്വദിച്ചു. സമൂഹമാധ്യമങ്ങളിലടക്കം ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റ വിഡിയോ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു.
കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃശ്ശൂര്‍ പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. ഒന്നര വര്‍ഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജ കഥകളി അഭ്യസിക്കാന്‍ തുടങ്ങിയിട്ട്. കലയ്ക്ക് പ്രായമില്ലെന്നും നിശ്ചയദാര്‍ഢ്യവും ആത്മവിസ്വാസവും ഉണ്ടെങ്കില്‍ ഏതുപ്രായത്തിലും കലയെ ജീവിതത്തിന്റെ ഭാഗമാക്കാമെന്നും സ്വജീവിതത്തിലൂടെ തെളിയിക്കുകയാണ് ഗിരിജാ മാധവന്.
Read more: പശുത്തൊഴുത്തിലിരുന്ന് പഠിച്ച് ജഡ്ജിക്കസേരയിലെത്തിയ മിടുക്കി
കഥകളി എന്നത് ചെറുപ്പം മുതല്ക്കേ ഗിരിജ മാധവന്റെ സ്വപ്നമായിരുന്നു. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷം ആ മുഖത്ത് പ്രകടവുമാണ്. പ്രായം സ്വപ്നങ്ങള്‍ക്ക് ഒരിക്കലും തടസ്സമാകില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഗിരിജാ മാധവന്.
‘ഒരുപാട് സന്തോഷമുണ്ട്. സന്തോഷത്തേക്കാള്‍ അധികം അഭിമാനമാണ്. കാരണം ജീവിതത്തില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സത്യസന്ധമായ ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കും എന്ന് അമ്മ പ്രവൃത്തിയിലൂടെ തെളിയിച്ചിരിയ്ക്കുകയാണ്’ അമ്മയുടെ അരങ്ങേറ്റത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണ് ഇത്.
Story highlights: Kathakali Arangettam Girija Madhavan mother of Manju Warrier