കാത്തിരിപ്പിന് വിരാമം; ‘കുറുപ്പ്’ ടീസർ മാർച്ച് 26ന് പ്രേക്ഷകരിലേക്ക്

March 22, 2021

ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കുറുപ്പിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. കേരളത്തിലെ ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായ സുകുമാര കുറുപ്പിന്റെ ജീവിതകഥയാണ് സിനിമ പങ്കുവയ്ക്കുന്നത്.

മാർച്ച് 26നാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിലൂടെയാണ് ടീസർ പുറത്തുവിടുന്നതായി അറിയിച്ചത്. ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ‘കൂതറ’ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കുറുപ്പ്’. 

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് 35 കോടി മുടക്കുമുതലാണുള്ളത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ് ‘കുറുപ്പ്’. സുഷിന്‍ ശ്യാമാണ് ‘കുറുപ്പി’ന് സംഗീതം നല്‍കുന്നത്.

Read More: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; റിലീസിന് തയാറെടുത്ത് മഞ്ജു വാര്യരുടെ ‘ചതുര്‍മുഖം’

നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അഞ്ചുവര്ഷമാണ് ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രത്തിനായി ഗവേഷണം നടത്തിയത്.

Story highlights- kurup teaser release